Wednesday, April 9, 2025
Kerala

വകുപ്പിലെ ഭൂരിപക്ഷം ഉദ്യോഗസ്ഥരും കഠിനാധ്വാനം ചെയ്യുന്നവർ; അഴിമതി വെച്ചുപെറുപ്പിക്കില്ല: മന്ത്രി മുഹമ്മദ് റിയാസ്

 

തിരുവനന്തപുരം: അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്ത് പ്രവർത്തിക്കുമെന്നും ഭൂരിപക്ഷം ഉദ്യോഗസ്ഥരും കഠിനാധ്വാനം ചെയ്യുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. മഴക്കാലപൂർവ പ്രവൃത്തികൾ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഓൺലൈനായിട്ടായിരുന്നു യോഗം.

സംസ്ഥാനത്തെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണിയും നിർമാണവും ത്വരിതപ്പെടുത്താൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തിരുവനന്തപുരത്ത് പൊഴിയൂരിൽ കടലാക്രമണത്തിൽ തകർന്ന റോഡ് പുനർനിർമിക്കുന്നതിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കാനും മലപ്പുറം, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ അപകടാവസ്ഥയിലുള്ള കടലുണ്ടിക്കാവ് പാലം പുനസ്ഥാപിക്കുന്നതിന് ഉടൻ നടപടി സ്വീകരിക്കാനും തീരുമാനിച്ചു. പാലക്കാട്-മണ്ണാർക്കാട് ദേശീയപാത വികസനത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും യോഗത്തിൽ തീരുമാനമായി.

2018- 19 ലെ പ്രളയ കെടുതിയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളും യോഗത്തിൽ അവലോകനം ചെയ്തു. മഴക്കാലപൂർവ പ്രവൃത്തികളെല്ലാം അടിയന്തര പ്രാധാന്യത്തോടെ പൂർത്തിയാക്കണമെന്നാണ് മന്ത്രി ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ്, ചീഫ് എഞ്ചിനീയർമാർ, എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാർ തുടങ്ങി 70 ഓളം ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *