തിരുവനന്തപുരത്തും ചോളമണ്ഡലം ഫിനാൻസിന്‍റെ ക്രൂരത; തിരിച്ചടവ് മുടങ്ങിയതിന് വീട്ടില്‍ സ്പ്രേ പെയിന്‍റടിച്ചു
തിരുവനന്തപുരം: കൊല്ലത്തിന് പിന്നാലെ തിരുവനന്തപുരത്തും സ്വകാര്യ ധനകാര്യ സ്ഥാപനത്തിൻറെ ക്രൂരത. മൂന്നുമാസം തിരിച്ചടവ് മുടങ്ങിയതിന്‍റെ പേരില്‍ വീട്ടിൽ സ്പ്രേ പെയിൻറ് അടിച്ചു. ചോളമണ്ഡലം ഫിനാൻസ് ആണ് തിരുവനന്തപുരം ആണ്ടൂർ കോണത്ത് ഈ ക്രൂരത ചെയ്തത്. കൊവിഡിനെ തുടർന്ന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയിലാണ് മൂന്നുമാസം തിരിച്ചടവ് മുടങ്ങിയത്.
ഗോപൻ, നാഗസുബ്രഹ്മണ്യം എന്നിവർ എത്തിയാണ് സ്പ്രേ പെയിൻറടിച്ചത് എന്ന് വീട്ടുകാര്‍ പറയുന്നു. എന്നാല്‍, തനിക്കൊന്നുമറിയില്ലെന്ന് ഗോപൻ പറഞ്ഞു. 27 ലക്ഷം രൂപയാണ് അണ്ടൂർകോണത്തെ ഹജിത്ത് കുമാർ വായ്പ എടുത്തത്. 16 ശതമാനമാണ് പലിശ നിരക്ക്. മുടങ്ങിയ തവണ തിരിച്ചടച്ചാലും പെയിൻറ് മായിക്കില്ലെന്ന് അധികൃതർ പറഞ്ഞു. ഇതോടെ പണമടക്കുന്നില്ലെന്ന് ഹജിത്ത് തീരുമാനിക്കുകയായിരുന്നു
നേരത്തെ കൊല്ലത്തും സമാനമായ രീതിയിൽ വീട്ടിൽ സ്പ്രേ പെയിൻറ് അടിച്ചിരുന്നു. ഏജൻസിക്ക് വന്ന വീഴ്ച ആണെന്നായിരുന്നു അന്ന് ധനകാര്യ സ്ഥാപനത്തിൻറെ പ്രതികരണം. ചില ജീവനക്കാരുടെ അനുചിതമായ പെരുമാറ്റത്തെക്കുറിച്ചുള്ള മാധ്യമ വാർത്തകൾ ഞെട്ടൽ ഉണ്ടാക്കി. പരാതി പരിശോധിക്കുമെന്നും ഉപഭോക്താക്കളോട് മോശമായി പെരുമാറിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് കമ്പനി അന്ന് വാർത്താകുറിപ്പിൽ അറിയിച്ചിരുന്നു.