‘രാജ്യത്തെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ വിജയം’; ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കും; പ്രിയങ്ക ഗാന്ധി
കർണാടകയിലെ കോൺഗ്രസിന്റെ ചരിത്ര വിജയത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ജനശ്രദ്ധ തിരിക്കുന്ന രാഷ്ട്രീയം വിജയിക്കില്ല. ജനങ്ങളുടെ പ്രശ്നങ്ങളിൽ ചർച്ചയും പരിഹാരവും വേണം. കർണാടകയിൽ ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു കോൺഗ്രസ് പ്രചാരണം. കർണാടകയിലെ വോട്ടർമാർ രാജ്യത്തിനാകെ സന്ദേശം നൽകി.
ഇത് രാജ്യത്തെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ വിജയമാണ്. നമ്മുടെ ലക്ഷ്യത്തിന്റെ വിജയമാണ്. നിങ്ങളുടെ എല്ലാ കഠിനാധ്വാനത്തിനും ഫലം ലഭിച്ചു. എല്ലാ കഠിനാധ്വാനികളായ പ്രവർത്തകർക്കും കർണാടക കോൺഗ്രസ് നേതാക്കൾക്കും ആശംസകൾ നേരുന്നുവെന്നും ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കാൻ കോൺഗ്രസ് പ്രവർത്തിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.
അതേസമയം കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തിളക്കമാർന്ന വിജയത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. കർണാടകയിൽ വെറുപ്പിന്റെ കട പൂട്ടി സ്നേഹത്തിന്റെ കട തുറന്നുവെന്നും ഇത് എല്ലാ സംസ്ഥാനത്തും ആവർത്തിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇത് ജനങ്ങളുടെ വിജയമാണ്. ചങ്ങാത്ത മുതലാളിത്തത്തിന് മേലുള്ള വിജയമാണിത്.
കർണാടകയിൽ സാധാരണക്കാരുടെ ശക്തി വിജയിച്ചു.പോരാട്ടം നടത്തിയത് സ്നേഹത്തിന്റെ ഭാഷയിലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കും. സാധാരണക്കാരനൊപ്പം പാർട്ടിയുണ്ടാകുമെന്ന് രാഹുൽ വ്യക്തമാക്കി. എഐസിസി ആസ്ഥാനത്ത് നേരിട്ടെത്തിയാണ് രാഹുൽ പ്രതികരണമറിയിച്ചത്.