Thursday, January 9, 2025
Kerala

അമിത് ഷാ കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നു: മന്ത്രി പിഎ മുഹമ്മദ് റിയാസ്

അമിത് ഷാ കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നു എന്ന് മന്ത്രി എപി മുഹമ്മദ് റിയാസ്. രാജ്യം ഒട്ടേറെ അംഗീകാരങ്ങൾ നൽകി കേരളത്തെ ആദരിച്ചതാണെന്നും പ്രസ്താവന അമിത് ഷാ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

വിവാദ പ്രസ്താവനയിലൂടെ കേരളത്തെയും കേരളത്തിലെ ജനങ്ങളെയും അമിത് ഷാ അപമാനിക്കുകയാണ് ചെയ്തത്. ഈ രാജ്യവും, രാജ്യത്തെ സർക്കാരും തന്നെ ഒട്ടേറെ അംഗീകാരങ്ങൾ കേരളത്തിന് നൽകി. ക്രമസമാധാന പരിപാലനത്തിൽ കേരളം നമ്പർ വൺ ആണ്. മതസൗഹാർദ്ദ അന്തരീക്ഷമെടുത്ത് പരിശോധിച്ചാൽ കേരളം ഒന്നാമതാണ്. ടൂറിസം, വ്യവസായം തുടങ്ങിയ മേഖലകളിൽ ഒക്കെ കേരളം മുന്നോട്ട് പോവുകയാണ്. ഇതൊക്കെ കേരള സർക്കാരിന്റെ വ്യക്തിപരമായ നേട്ടങ്ങളല്ല. കേരളത്തിലെ സർക്കാരും കേരളത്തിലെ എല്ലാ രാഷ്ട്രീയപാർട്ടികളും കേരളത്തിലെ ജനങ്ങളാകെയും ഒരുമിച്ച് നിന്നതിന്റെ നേട്ടമാണ്. കേരളത്തിലെ ജനങ്ങളുടെ നേട്ടമാണ്. കേരളത്തിലെ ജനങ്ങളുടെ പ്രത്യേകതയാണ്.
നമ്മുടെ രാജ്യത്ത് മതസൗഹാർദ്ദത്തിന് മാതൃക കാണിക്കാവുന്ന സംസ്ഥാനമാണ് കേരളം. അങ്ങനെയുള്ള കേരളത്തെ അപമാനിക്കുക എന്ന് പറഞ്ഞാൽ കേരളത്തിലെ ജനങ്ങളെ അപമാനിക്കലാണെന്ന് മന്ത്രി പറഞ്ഞു.

ശ്രീ. അമിത് ഷാ ഈ പ്രസ്താവന തിരുത്തണം. പ്രസ്താവന തിരുത്തി പറഞ്ഞുപോയതിന് മാപ്പ് പറയാൻ ശ്രീ. അമിത് ഷാ തയ്യാറാകണം. ഇവിടെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം ഇത് ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയെ വ്യക്തിഹത്യ നടത്തുന്ന ഒരു പ്രസ്താവനയല്ല. ജനങ്ങളെ, ഒരു ജനതയെ വ്യക്തിഹത്യ നടത്തുന്ന പ്രസ്താവനയാണ്. എന്നാൽ കേരളത്തിലെ യു.ഡി.എഫ് നേതൃത്വത്തിലുള്ള ആരും ഇതിനെതിരെ പ്രതികരിച്ചിട്ടില്ല എന്നുള്ളത് അദ്ഭുതകരമാണ്. കെ.പി.സി.സി പ്രസിഡന്റിന് ശ്രീ.അമിത് ഷാ യുടെ അഭിപ്രായത്തെ കുറിച്ച് എന്താണ് നിലപാട്. കേരളത്തിലെ പ്രതിപക്ഷ നേതാവിന് ശ്രീ.അമിത് ഷാ പറഞ്ഞതിനെ കുറിച്ച് എന്താണ് നിലപാട്. ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബിനും അമിത് ഷാ പറഞ്ഞതിനെ കുറിച്ച് മൗനം നടിക്കാൻ കാരണമായ സമീപനം എടുക്കാൻ സ്വീകരിച്ച ആ രീതി എന്തുകൊണ്ടാണ്. ഇതൊക്കെ അറിഞ്ഞാൽ കൊള്ളാമെന്ന് പൊതുവെ ജനങ്ങൾ കാണുന്നു. കേരളം ഭരിക്കുന്നത് ഇടതുപക്ഷ സർക്കാർ ആയതുകൊണ്ട് കേരളത്തിന്റെ യു.ഡി.എഫ് നേതൃത്വം ഇതിനോട് മൗനം പാലിക്കുന്നത് കേരളത്തിലെ ജനങ്ങളെ അപഹാസ്യമാക്കുന്ന നിലപാടിന് ചൂട്ടുകത്തിച്ചുകൊടുന്ന ഏർപ്പാട് ആണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *