റോഡുകളുടെ ശോച്യാവസ്ഥ’; കാരണം കേരളത്തിലെ കാലാവസ്ഥയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
കേരളത്തിന്റെ കാലാവസ്ഥ അടക്കം നിരവധി പ്രശ്‌നങ്ങളാണ് റോഡുകളുടെ ശോച്യാവസ്ഥയ്‌ക്ക് കാരണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി നിയമസഭയിൽ എൽദോസ് കുന്നപ്പളളി നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി. കഴിഞ്ഞ ജൂലൈ മാസത്തേക്കാൾ റോഡിലെ കുഴികളുടെ എണ്ണം കുറഞ്ഞതായും റിയാസ് അവകാശപ്പെട്ടു.
പല പ്രവർത്തികളും നേരിട്ട് പോയി വിലയിരുത്തി. തെറ്റായ പ്രവണതകൾ കണ്ടാൽ സന്ധി ഇല്ലാതെ മുന്നോട്ട് പോകും. കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിച്ചുവെന്നും റിയാസ് വ്യക്തമാക്കി.മഴക്കാല റോഡ് പരിചരണത്തിന് ആസൂത്രിത പ്രവർത്തനം നടത്തിയിരുന്നു. ഒരു കുഴി പോലും ഇല്ലാത്ത അവസ്ഥയിൽ റോഡിന്റെ അവസ്ഥ മാറണം.
എൽദോസ് കുന്നപ്പള്ളി സിനിമ കാണുന്നതിന് ഇടയിൽ സ്വന്തം ഫേസ്ബുക്ക് പോസ്റ്റ് കൂടി നോക്കണമെന്ന് മുഹമ്മദ് റിയാസ് പരിഹസിച്ചു. അനൗൺസ്‌മെന്റ് വാഹനവുമായി എൽദോസ് കുന്നപ്പള്ളിയുടെ മണ്ഡലത്തിലൂടെ പോകാം. ജനങ്ങൾ മാലയിട്ട് സ്വീകരിക്കുമെന്നും റിയാസ് പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയും ചെയ്തു.
സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ഹൈക്കോടതി അടക്കം സർക്കാരിനെ ഇക്കാര്യത്തിൽ രൂക്ഷമായി വിമർശിച്ചുവെന്നും കേരളത്തിലെ റോഡുകളെ മുതലക്കുഴികൾ എന്ന് പറയേണ്ടി വരുമെന്നും എൽദോസ് കുന്നപ്പള്ളി ചൂണ്ടിക്കാട്ടി.