ഇഡി ക്ലീൻ ചിറ്റ് നൽകിയാലും ജലീലിനെതിരായ സമരം തുടരുമെന്ന് പികെ ഫിറോസ്
മന്ത്രി കെ ടി ജലീലിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ക്ലീൻ ചിറ്റ് നൽകിയിട്ടും പ്രതിഷേധത്തിൽ നിന്ന് പിൻമാറില്ലെന്ന് വ്യക്തമാക്കി മുസ്ലീം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. ഇ ഡി ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു യൂത്ത് ലീഗ് സമരം ആരംഭിച്ചത്. മന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടും സമരം തുടരുമെന്ന് പറയുന്നതിലൂടെ രാഷ്ട്രീയ ലക്ഷ്യം മാത്രമേ സമരത്തിന് പിന്നിലുള്ളുവെന്ന് വ്യക്തമാക്കുകയാണ് യൂത്ത് ലീഗ്
കേസ് അട്ടിമറിക്കപ്പെടുന്നുണ്ടോയെന്ന സംശയം ബലപ്പെടുന്നുവെന്ന വാദമാണ് പി കെ ഫിറോസ് ഉന്നയിക്കുന്നത്. സ്വത്ത് വിവരവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തതെന്നാണ് ഇ ഡി പറഞ്ഞത്. എന്നാൽ ജലീൽ പറഞ്ഞത് ഖുറാൻ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് ചോദിച്ചുവെന്നാണ്. ഇതെല്ലാം സംശയം ഉണ്ടാക്കുന്നതായി പി കെ ഫിറോസ് പറയുന്നു.
സമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനം. പ്രതികളായ സ്വപ്‌നയും റമീസും നിരന്തരമായി നെഞ്ചുവേദന വന്ന് ആശുപത്രിയിൽ കഴിയുന്നു. ഇതൊക്കെ കേസ് അട്ടിമറിക്കാനാണെന്നും പി കെ ഫിറോസ് ആരോപിച്ചു