ഐശ്വര്യ കേരളയാത്രക്കിടെ ചെന്നിത്തലക്ക് സ്വീകരണം; ആറ് പോലീസുകാർക്ക് സസ്‌പെൻഷൻ
ഐശ്വര്യ കേരളയാത്രക്കിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് സ്വീകരണം നൽകിയ പോലീസുകാർക്ക് സസ്‌പെൻഷൻ. എറണാകുളത്തെ ആറ് പോലീസുകാർക്കാണ് സസ്‌പെൻഷൻ ലഭിച്ചത്. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
എ എസ് ഐമാരായ ഷിബു ചെറിയാൻ, ജോസഫ് ആന്റണി, ബിജു, സീനിയർ സിപിഒ സിൽജൻ അടക്കമുള്ളവർക്കാണ് സസ്‌പെൻഷൻ ലഭിച്ചത്. ഐശ്വര്യ കേരളയാത്രക്കിടെ ജില്ലയിലെ നാല് പോലീസുകാരാണ് ഡിസിസി ഓഫീസിലെത്തി പ്രതിപക്ഷ നേതാവിനെ ഷാൾ അണിയിക്കുകയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തത്
പോലീസ് അസോസിയേഷൻ മുൻ ഭാരവാഹികൾ കൂടിയാണ് ഇവർ. ഡ്യൂട്ടിക്കിടെ രാഷ്ട്രീയ പരിപാടിയിൽ പോലീസുകാർ പങ്കെടുത്തത് വിവാദമായ സാഹചര്യത്തിലാണ് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്.