പനി ബാധിച്ച് രക്ത പരിശോധനയ്‌ക്കെത്തിയ 7 വയസുകാരിക്ക് പേ വിഷബാധയ്ക്കുള്ള കുത്തിവയ്പ്പ് നൽകി
രക്തം പരിശോധിക്കാൻ എത്തിയ കുട്ടിക്ക് പേ വിഷബാധയുടെ വാക്‌സിൻ നൽകി. അങ്കമാലി താലൂക്ക് ആശുപത്രിയിൽ ആണ് സംഭവം. വീഴ്ച വരുത്തിയ ആശുപത്രി അധികൃതർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.
അങ്കമാലി സ്വദേശിയായ ഏഴ് വയസ്സുകാരിയെ പനി ബാധിച്ചതിനെ തുടർന്നാണ് ഒമ്പതാം തീയതി ഗവൺമെൻറ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ രണ്ടുദിവസം മരുന്നു കഴിച്ചിട്ടും പനി കുറഞ്ഞില്ല തുടർന്ന് വീണ്ടും ആശുപത്രിയിലേക്ക് എത്തിയ കുട്ടിക്ക് രക്ത പരിശോധന നടത്താൻ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഇതിനായി പരിശോധനാ റൂമിലേക്ക് അമ്മയ്‌ക്കൊപ്പമാണ് കുട്ടിയെത്തിയത്. എന്നാൽ സമീപത്ത് നിന്ന് അമ്മ മാറിയതിനിടെ കുട്ടിയോട് പൂച്ച മാന്തിയതാണോ എന്ന് നേഴ്‌സ് ചോദിച്ചു ,കുട്ടി അതെ എന്ന് മറുപടി നൽകി തുടർന്ന് ഇരു കൈകളിലും പേ വിഷബാധയ്ക്കുള്ള കുത്തിവയ്പ് എടുത്തു എന്നാണ് ആരോപണം.
അമ്മ ഫോം പൂരിപ്പിക്കാനായി മാറിയതാണെന്നും രേഖകൾ പരിശോധിക്കയാണ് കുട്ടിക്ക് കുത്തിവെപ്പ് നൽകിയതെന്നുമാണ് പരാതി. വാക്‌സിൻ എടുത്തതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് എന്നാണ് ആശുപത്രി അധികൃതർ നൽകിയ മറുപടി എന്നും കുട്ടിയുടെ അമ്മ പറയുന്നു.