മക്കയിലെ ഹറം പള്ളിയിൽ ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നൽകുന്നതിനിടെ ഇമാം കുഴഞ്ഞുവീണു
മക്കയിലെ ഹറം പള്ളിയിൽ ഇന്നലെ നടന്ന ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നൽകുന്നതിനിടെ ഇമാം കുഴഞ്ഞുവീണു. ശൈഖ് മാഹിർ അൽ മുഐഖിലിയാണ് ആരോഗ്യ പ്രശ്‌നം കാരണം കുഴഞ്ഞ് വീണത്. ഹറം പള്ളികളുടെ മതകാര്യ വിഭാഗം മേധാവി ശൈഖ് അബ്ദുറഹ്മാൻ സുദൈസ് ആണ് ജുമുഅ നമസ്‌കാരം പൂർത്തിയാക്കിയത്.
മക്കയിലെ മസ്ജ്ദുൽ ഹറാം പള്ളിയിൽ ഇന്ന് നടന്ന ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നൽകുന്നതിനിടെയാണ് ഇമാം ശൈഖ് മാഹിർ അൽ മുഐഖിലി തളർന്ന് വീണത്. നമസ്‌കാരത്തിൻറെ ആദ്യത്തെ റകഅത്തിൽ വിശുദ്ധ ഖുറാനിൽ നിന്നുള്ള സൂറത്തുൽ ഫാത്തിഹ പാരായണം ചെയ്യുമ്പോൾ ഇഹ്ദിന സിറാത്വൽ മുസ്തഖീം എന്ന ഭാഗമെത്തിയപ്പോഴേക്കും ഇമാം തളരുകയും നമസ്‌കാരം പൂർത്തിയാക്കാൻ സാധിക്കാതെ വരികയും ചെയ്തു. തൊട്ടു പിന്നിൽ ഉണ്ടായിരുന്ന ഹറം മതകാര്യ വിഭാഗം മേധാവി ശൈഖ് അബ്ദുറഹ്മാൻ സുദൈസ് ആണ് പിന്നീട് നമസ്‌കാരം പൂർത്തിയാക്കിയത്.
ജുമുഅ ഖുതുബയുടെ അവസാനത്തിൽ തന്നെ ശൈഖ് മാഹിർ അൽ മുഐഖിലിക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ശൈഖ് മുഐഖിലിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതായും അദ്ദേഹം പൂർണ ആരോഗ്യവാൻ ആണെന്നും ഹറംകാര്യ വിഭാഗം വക്താവ് പ്രതികരിച്ചു.