കോഴിക്കോട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; രണ്ട് പേർ കസ്റ്റഡിയിൽ
കോഴിക്കോട് കക്കോടിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. ഇന്നലെ രാത്രിയായിരുന്നു സംഭവം. വ്യാപാരിയായ ലുക്മാനുൽ ഹക്കീമിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് റോഡിൽ തള്ളുകയായിരുന്നു.
ഇന്നലെ രാത്രി 9 മണിക്കായിരുന്നു സംഭവം. കക്കോടിയിൽ കട നടത്തുന്ന ബാലുശ്ശേരി സ്വദേശിയായ ലുക്മാനെ കാറിലെത്തിയ നാലംഗ സംഘം ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു. ലുക്മാനെ കാറിൽ കയറ്റി മലപ്പുറം ഭാഗത്തേക്ക് ഓടിച്ചുപോവുകയായിരുന്നു. കാറിനകത്തുവച്ച് ഇയാളെ സംഘം ക്രൂരമായി മർദ്ദിച്ചു. തുടർന്ന് അർദ്ധരാത്രിയോടെ മലപ്പുറം ജില്ലയിലെ വാഴക്കാട് റോഡരികിൽ ലുക്മാനെ ഉപേക്ഷിക്കുകയായിരുന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. നിലവിൽ ലുക്മാൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കാലും കയ്യും ഒടിഞ്ഞിട്ടുണ്ട്. തലയ്ക്കും പരുക്കേറ്റു.
ഇന്നലെ രാത്രി തന്നെ സംഘത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ സഞ്ചരിച്ച വാഹനവും പൊലീസ് കണ്ടെടുത്തു. ലുക്മാനുമായുള്ള കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിലെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ അറിയിച്ചു എന്നാണ് സൂചന.