ലാൻഡ്‌ലൈൻ യുഗം അവസാനിക്കുന്നു; അഞ്ച് വർഷത്തിനിടെ ബിഎസ്എൻഎൽ ലാൻഡ് ലൈൻ കണക്ഷൻ ഉപേക്ഷിച്ചത് 8 ലക്ഷത്തിലധികം പേർ
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല വാർത്താ വിനിമയ കമ്പനിയായ ബി.എസ്.എൻ.എല്ലിന്റെ ലാൻഡ് ലൈൻ കണക്ഷൻ ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന. 2017 മുതൽ നാളിതുവരെ എട്ടുലക്ഷത്തിലധികം പേരാണ് കണക്ഷൻ വിച്ഛേദിച്ചത്.
ഒരു കാലത്ത് വീടുകളിലെ സ്റ്റാറ്റസ് സിമ്പലായിരുന്നു ബി.എസ്.എൻ.എൽ ലാൻഡ് ലൈൻ കണക്ഷൻ. മൊബൈലുകളുടെ വരവും വേഗമേറിയ ഇന്റർനെറ്റ് കണക്ഷനുകളും ജനപ്രിയ ബ്രാൻഡായിരുന്ന ബി.എസ്.എൻ.എല്ലിനെ ജനങ്ങളിൽ നിന്നകറ്റി. ഔദ്യോഗിക കണക്ക് പ്രകാരം 2017 മുതൽ നാളിതുവരെ 8,12.971 പേരാണ് കേരളത്തിൽ ബി.എസ്.എൻ.എൽ ലാൻഡ് ലൈൻ കണക്ഷൻ വേണ്ടെന്നുവച്ചത്. 2017 ൽ 82606 പേരായിരുന്നു കണക്ഷൻ ഉപേക്ഷിച്ചത് എങ്കിൽ 2021 ൽ 2,36.260 പേർ ലാൻഡ് ഫോൺ ഉപേക്ഷിച്ചു. ഈ വർഷം ഇതുവരെ കണക്ഷൻ വേണ്ടെന്ന് വച്ചവരുടെ എണ്ണം 34000 വും കടന്നു.
ഈ കാലയളവിൽ ലാൻഡ് ലൈൻ കണക്ഷൻ വിച്ഛേദിച്ച ഉപഭോക്താക്കൾക്ക് ഡെപ്പോസിറ്റ് ഇനത്തിൽ 20 കോടി 40 ലക്ഷം രൂപയാണ് ബി.എസ്.എൻ.എൽ നൽകാനുള്ളത്. പ്രവർത്തനം നിലച്ച ലാൻഡ് ലൈനുകൾ വീണ്ടെടുക്കാൻ വിവിധ പദ്ധതികൾ തയ്യാറാക്കിയെങ്കിലും ഉപഭോക്താക്കളിൽ നിന്ന് അനുകൂല നിലപാടല്ല ഉണ്ടായത്. ഈ നില തുടർന്നാൽ അധികം വൈകാതെ കേരളത്തിൽ നിന്ന് ബി.എസ്.എൻ.എൽ ലാൻഡ് ലൈനുകൾ അപ്രത്യക്ഷമാകും