ആര്‍.ശ്രീലേഖയുടെ ആരോപണങ്ങള്‍ ദിലീപിനെ സഹായിക്കാനെന്ന് ക്രൈംബ്രാഞ്ച്; ഗൂഢാലോചന പരിശോധിക്കും
നടിയെ അക്രമിച്ച കേസില്‍ അന്വേഷണ സംഘത്തിനെതിരെ മുന്‍ ജയില്‍ വകുപ്പ് മേധാവി ആര്‍.ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങള്‍ ദിലീപിനെ സഹായിക്കാനെന്ന് ക്രൈംബ്രാഞ്ച്. ദിലീപുമായുള്ള വ്യക്തിബന്ധത്തിന്റെ പേരിലാണ് ശ്രീലേഖ അന്വേഷണ സംഘത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ശ്രീലേഖയുടെ വെളിപ്പെടുത്തലില്‍ ഗൂഢാലോചനയുണ്ടോയെന്നും ക്രൈംബ്രാഞ്ച് പരിശോധിക്കും.
ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ കോടതിയലക്ഷ്യമായതിനാല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിയ്ക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ശ്രീലേഖയും ദിലീപും തമ്മിലുള്ള ബന്ധവും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ദിലീപിനെ രക്ഷിയ്ക്കാനുള്ള നീക്കമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക വിലയിരുത്തല്‍.
കൂടുതല്‍ വിവരങ്ങള്‍ ശേഖരിയ്ക്കാന്‍ ആര്‍ ശ്രീലേഖയുടെ മൊഴിയെടുക്കാനും ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്. ആരോപണങ്ങളെ ക്രൈംബ്രാഞ്ച് തള്ളുകയാണെങ്കിലും പ്രതിഭാഗം ശ്രീലേഖയെ ആയുധമാക്കാനാണ് നീക്കം. കേസില്‍ ശ്രീലേഖയെ വിസ്തരിക്കണമെന്നാവശ്യപെട്ട് കോടതിയെ സമീപിയ്ക്കാനാണ് ദിലീപിന്റെ അഭിഭാഷകര്‍ ആലോചിക്കുന്നത് ശ്രീലേഖയുടെ മൊഴി കോടതിയില്‍ ഉപകരിക്കുമെന്ന കണക്കുകൂട്ടലിലാണ് പ്രതിഭാഗം അഭിഭാഷകര്‍. എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ നീക്കങ്ങള്‍ വിലയിരുത്തിയ ശേഷമായിരിക്കും പ്രതിഭാഗത്തിന്റെ നിയമ നടപടികള്‍.