ദിലീപിനെ ചോദ്യം ചെയ്യുന്നത് അഞ്ച് മണിക്കൂർ പിന്നിട്ടു; കൃത്യമായ തെളിവുകൾ ലഭിച്ചതായി എഡിജിപി
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ ദിലീപിനെ ചോദ്യം ചെയ്യുന്നത് അഞ്ച് മണിക്കൂർ പിന്നിട്ടു. കൊച്ചി കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ദിലീപ് അടക്കം അഞ്ച് പ്രതികളെയും ചോദ്യം ചെയ്യുന്നത്. ഓരോരുത്തരെ വേറെ വേറെയാണ് ചോദ്യം ചെയ്യുന്നത്. പിന്നീട് ഒന്നിച്ചിരുത്തി ചോദ്യം ചെയ്‌തേക്കും
കേസിൽ സത്യസന്ധമായി അന്വേഷണം പൂർത്തിയാക്കുമെന്ന് എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. തെളിവ് ശേഖരിക്കലാണ് പോലീസിന്റെ ജോലി. അതാണിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. ചോദ്യം ചെയ്യൽ കൃത്യമായി നടത്തും. കോടതിയെ സമീപിച്ചവരല്ലാതെ മറ്റുള്ളവരെ ചോദ്യം ചെയ്യാൻ തടസ്സങ്ങളൊന്നുമില്ല
പ്രതിയുടെ സഹകരണം മാത്രമല്ല തെളിവിലേക്ക് നയിക്കുന്നത്. നിസഹകരണവും മറ്റൊരു രീതിയിൽ സഹായകരമാകും. നിസഹകരണമുണ്ടെങ്കിൽ കോടതിയെ കാര്യങ്ങൾ അറിയിക്കും. പോലീസിന് കൃത്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും എഡിജിപി പറഞ്ഞു. രാത്രി എട്ട് മണി വരെയാണ് ദിലീപിനെ ചോദ്യം ചെയ്യുക. ഇന്നുൾപ്പെടെ മൂന്ന് ദിവസത്തേക്കാണ് ചോദ്യം ചെയ്യാൻ അനുമതിയുള്ളത്.