വനസംരക്ഷണ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍; ശുപാര്‍ശകളില്‍ പൊതുജനാഭിപ്രായം തേടി
വനസംരക്ഷണ നിയമം ഭേദഗതി ചെയ്യാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഭേദഗതി വരുന്നതോടെ ഇനി ചെറിയ കുറ്റകൃത്യങ്ങള്‍ക്കുള്ള ജയില്‍ ശിക്ഷ ഒഴിവാക്കും. വനത്തില്‍ കാലിയെ മേയ്ക്കാന്‍ പ്രവേശിക്കുക, വിറക് ശേഖരിക്കുക, മരങ്ങള്‍ ഒടിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളുടെ ജയില്‍ ശിക്ഷയാണ് ഒഴിവാക്കുക.
ഇത്തരം കേസുകളില്‍ കുറ്റക്കാര്‍ക്ക് ജയില്‍ ശിക്ഷയ്ക്ക് പകരം 500 രൂപ പിഴ ശിക്ഷ ഈടാക്കാനാണ് ശുപാര്‍ശ. ഇന്ത്യന്‍ വനനിയമം ഭേദഗതി ചെയ്യുന്നതിന്റെ ഭാഗമായി ശുപാര്‍ശകളില്‍ കേന്ദ്രസര്‍ക്കാര്‍ പൊതുജനാഭിപ്രായം തേടിയിട്ടുണ്ട്.
അതേസമയം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ വന സംരക്ഷണ ചട്ടത്തെ ചൊല്ലി കോണ്‍ഗ്രസ് കേന്ദ്രത്തിനെതിരെ രംഗത്തെത്തി. പുതിയ ചട്ടം ആദിവാസി വിരുദ്ധമാണെന്നും 2006ലെ വനാവകാശം നിയമത്തിലെ വ്യവസ്ഥകള്‍ക്കെതിരെയാണ് ഇതെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.
2009ലെ ഉത്തരവനുസരിച്ച് വനാവകാശ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെ വനഭൂമി വകമാറ്റാനുള്ള ക്ലിയറന്‍സ് പരിഗണിക്കാനാകില്ല. പുതിയ ചട്ടത്തില്‍ ഇത് ആദിവാസികള്‍ പ്രതികൂലമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.