Saturday, October 19, 2024
Kerala

താപസൂചിക ഭൂപടം തൽക്കാലം പ്രസിദ്ധീകരിക്കില്ല; ഭൂപടത്തിന് തെറ്റായ വ്യാഖ്യാനങ്ങൾ ഉണ്ടായെന്ന് ദുരന്ത നിവാരണ അതോറിറ്റി

താപസൂചിക ഭൂപടം പ്രസിദ്ധീകരിക്കുന്നത് ദുരന്ത നിവാരണ അതോറിറ്റി തൽക്കാലം നിർത്തിവെച്ചു. താപസൂചിക ഭൂപടം ചില മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചത് മൂലം ജനങ്ങൾ ആശങ്കപ്പെടുന്ന സാഹചര്യമുണ്ടായി. ഉപദേശക സമിതിയുമായി കൂടിയാലോചിച്ചതിന് ശേഷം താപ സൂചികയുടെ കേരളീയ മാതൃകയ്ക്ക് രൂപം നൽകാനാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ആലോചന.

അന്തരീക്ഷ ഊഷ്മാവിനോടൊപ്പം അന്തരീക്ഷത്തിലെ ഈർപ്പവും സംയുക്തമായി ഉണ്ടാക്കുന്ന ചൂടിനെ സൂചിപ്പിക്കുന്ന അളവാണ് താപ സൂചിക. ലോക കാലാവസ്ഥ സംഘടനയുടെ മാനദണ്ഡപ്രകാരമാണ് പൊതുവെ താപസൂചിക കണക്കാക്കുന്നത്.
തീരദേശ സംസ്ഥാനമായ കേരളത്തിന്റെ അന്തരീക്ഷ ആർദ്രത കൂടുതലായതിനാൽ രേഖപ്പെടുത്തുന്ന ചൂടിനേക്കാൾ കൂടുതലായിരിക്കും അനുഭവപ്പെടുന്ന ചൂട്. അന്താരാഷ്ട്ര മാനദണ്ഡത്തിൽ ദുരന്തനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച സംസ്ഥാനത്തിൻ്റെ താപ സൂചിക ഭൂപടം പൊതുജനങ്ങൾക്ക് ആശങ്കയുണ്ടാക്കിയ സാഹചര്യത്തിലാണ് പുനർവിചിന്തനം.

താപസൂചിക ഭൂപടം ചില മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചത് തെറ്റിധാരണയ്ക്കിടയാക്കി. ഇതു മൂലം ജനങ്ങൾ ഭയപ്പെടുന്ന സാഹചര്യമുണ്ടായി. കേരളത്തിൻ്റെ സ്വഭാവഗതിക്ക് അനുസരിച്ച് വേണം. താപസൂചിക വിലയിരുത്തണ്ടേത് എന്ന് ദുരന്തനിവാരണ അതോറിറ്റി പുനർവിചിന്തനം നടത്തുന്നു. കാലാവസ്ഥ രംഗത്തെ വിദഗ്ദ്ധരുമായും ഉപദേശക സമിതിയുമായും ദുരന്ത നിവാരണ അതോറിറ്റി കൂടിയാലോചനകൾ നടത്തും. ഉചിതമായ നിർദേശങ്ങൾ ക്രോഡീകരിക്കും. താപ സൂചികയുടെ കേരളീയ മാതൃകയ്ക്ക് രൂപം നൽകിയതിന് ശേഷമായിരിക്കും ജനങ്ങൾക്ക് മുന്നിൽ ഇനി താപസൂചിക ഭൂപടം പ്രസിദ്ധീകരിക്കുകയെന്നും ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

Leave a Reply

Your email address will not be published.