സൗദി അറേബ്യയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം പുനരാരംഭിക്കുന്നതിനെ സ്വാഗതം ചെയ്ത് ഐക്യരാഷ്ട്രസഭ
സൗദി അറേബ്യയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം പുനരാരംഭിക്കാനുള്ള തീരുമാനത്തെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസും ലോകനേതാക്കളും വിവിധ വിദേശ മന്ത്രാലയങ്ങളും സ്വാഗതം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ചതിന് ചൈനക്ക് സെക്രട്ടറി ജനറലിന്‍റെ നന്ദി അറിയിക്കുന്നതായി യു.എൻ വക്താവ് സ്റ്റീഫൻ ദുജാറിക് പ്രസ്താവിച്ചു.
ഇക്കാര്യത്തിൽ മുൻകൈയെടുത്ത മറ്റു രാജ്യങ്ങളുടെ, പ്രത്യേകിച്ച് ഒമാന്‍റെയും ഇറാഖിന്‍റെയും ശ്രമങ്ങളെയും ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ
പ്രകീർത്തിച്ചു. ഗൾഫ് മേഖലയുടെ സുസ്ഥിരതക്ക് സൗദി അറേബ്യയും ഇറാനും തമ്മിൽ നല്ല അയൽപക്ക ബന്ധം ആവശ്യമാണെന്നും യു.എൻ വക്താവ് വ്യക്തമാക്കി.
നയതന്ത്ര ബന്ധം പുനരാരംഭിക്കുന്നതുമായി സംയുക്ത ത്രികക്ഷി പ്രസ്താവനയെ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവിയും സ്വാഗതം ചെയ്തിട്ടുണ്ട്.