Saturday, October 19, 2024
Health

കേരളത്തിൽ ചൂട് കൂടുന്നു, ഏഴ് ജില്ലകളിൽ സൂര്യാഘാത സാധ്യത; മുന്നറിയിപ്പുമായി ദുരന്ത നിവാരണ വകുപ്പ്

സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ സൂര്യാഘാത സാധ്യതയെന്ന് ദുരന്ത നിവാരണ വകുപ്പ്. ദുരന്ത നിവാരണ വകുപ്പ് പ്രസിദ്ധീകരിച്ച താപസൂചിക ഭൂപട പ്രകാരമാണ് സൂര്യാഘാത മുന്നറിയിപ്പ്. കണ്ണൂർ, കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് സൂര്യാഘാത സാധ്യതയുള്ളത്.

അന്തരീക്ഷ താപനിലയും ഈർപ്പവും ചേർന്ന് അനുഭവപ്പെടുന്ന ചൂടിനെയാണ് താപ സൂചികയിൽ അടയാളപ്പെടുത്തുന്നത്. ഇനി മുതൽ എല്ലാ ദിവസവും താപസൂചിക ഭൂപടം പ്രസിദ്ധീകരിക്കുമെന്നും ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.

ദുരന്ത നിവാരണ വകുപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്

അന്തരീക്ഷ ഊഷ്മാവിനോടൊപ്പം അന്തരീക്ഷത്തിലെ ഈർപ്പവും (ആർദ്രത-Humidity) സംയുക്തമായി ഉണ്ടാക്കുന്ന ചൂടിനെ സൂചിപ്പിക്കുന്ന ഒരു അളവാണ് താപ സൂചിക (Heat Index). അനുഭവഭേദ്യമാകുന്ന ചൂടിനെ (feels like temperature) സൂചിപ്പിക്കാൻ പല വികസിത രാഷ്ട്രങ്ങളും താപസൂചിക ഉപയോഗിച്ച് വരുന്നു.
ഒരു തീരദേശ സംസ്ഥാനമായ കേരളത്തിൻറെ അന്തരീക്ഷ ആർദ്രത പൊതുവെ കൂടുതലായിരിക്കും. ദിനാന്തരീക്ഷ താപനില കൂടി ഉയരുമ്പോൾ ചൂട് മൂലമുള്ള അസ്വസ്ഥതകളും വർദ്ധിക്കുന്നു.

കേരളത്തിൽ പൊതുവെ ചൂട് കൂടുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ (IMD) ഓട്ടോമാറ്റിക്ക് കാലാവസ്ഥ മാപിനികൾ വഴി ലഭ്യമാകുന്ന താപനില, ആപേക്ഷിക ആർദ്രത എന്നീ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പഠനാവശ്യങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കുന്ന താപസൂചിക ഭൂപടം.

Leave a Reply

Your email address will not be published.