വയനാട് ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ദുരന്ത നിവാരണ പ്ലാന്‍ തയ്യാറാക്കുന്നു
ദേശീയ ദുരന്തനിവാരണ മാര്‍ഗനിര്‍ദേശ പ്രകാരം ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍- എയ്ഡഡ്- സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രത്യേക ദുരന്ത നിവാരണ പ്ലാനുകള്‍ തയ്യാറാക്കുന്നു. ഇതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പെഴ്‌സണായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള പുറത്തിറക്കി.
യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി ഉള്‍പ്പെടെ എല്ലാ സ്‌കൂളുകളിലും പി.ടി.എയുടെയും വിദ്യാര്‍ഥികളുടെയും സഹകരണത്തോടെ ഇതിനായി വിവരശേഖരണം നടത്തും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറാണ് ഡി.എം പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള ജില്ലാതല നോഡല്‍ ഓഫീസര്‍. ഓരോ വിദ്യാലയവും പ്രത്യേക നോഡല്‍ ഓഫീസറെ നിയമിക്കണം. ഇവര്‍ക്ക് ഓണ്‍ലൈനായി പരിശീലനം നല്‍കും. ഒക്ടോബര്‍ 5 നകം പ്ലാന്‍ തയ്യാറാക്കല്‍ പൂര്‍ത്തിയാക്കാനും പരിശോധനയ്ക്കു ശേഷം ഒക്ടോബര്‍ 20 നകം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അംഗീകാരം നേടാനുമാണ് നിര്‍ദ്ദേശം.
യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങള്‍ ഒരേ കോംപൗണ്ടിലാണെങ്കില്‍ ഒരു പ്ലാന്‍ തയ്യാറാക്കിയാല്‍ മതി. കോവിഡ് 19 മായി ബന്ധപ്പെട്ടു സര്‍ക്കാര്‍ പുറപ്പെടുവിച്ച എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും പാലിച്ചാണ് ഡി.എം പ്ലാന്‍ തയ്യാറാക്കേണ്ടത്. ജില്ലയിലെ മേപ്പാടി, വടുവന്‍ചാല്‍ എന്നീ സ്‌കൂളുകളില്‍ ഇതിനകം ഡി.എം പ്ലാന്‍ തയാറായിട്ടുണ്ട്.