‘ടൗട്ട’ മുന്നറിയിപ്പ്; ദേശീയ ദുരന്ത നിവാരണ സേനയുടെ പ്രത്യേക സംഘങ്ങൾ കേരളത്തിലേക്ക്
പത്തനംതിട്ട: സംസ്ഥാനത്ത് ‘ടൗട്ട’ ചുഴലിക്കാറ്റിനും കനത്ത മഴയ്ക്കും സാധ്യത പ്രവചിച്ചതിനെ തുടർന്ന് ദേശീയ ദുരന്ത നിവാരണ സേനയുടെ പ്രത്യേക സംഘങ്ങൾ കേരളത്തിലെ വിവിധ ജില്ലകളിലേക്ക് തിരിച്ചു. ദുരന്ത നിവാരണ സേനയുടെ 9 ടീമുകളെ കേരളത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ ഉൾപ്പെടെ വിന്യാസിക്കാനാണ് അധികൃതരുടെ തീരുമാനം.
വയനാട്, മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, ഇടുക്കി എന്നിവിടങ്ങളിൽ ആണ് ദേശീയ ദുരന്തനിവാരണ സേനയുടെ സംഘങ്ങളെ വിന്യസിക്കുക. ഇരുപത് അംഗ സംഘം പുലർച്ചെ ഒരു മണിയോടെ പത്തനംതിട്ടയിൽ എത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയിൽ റെഡ് അലേർട്ട് ആയതിനാൽ എല്ലാ വിധ തയ്യാറെടുപ്പുകളും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി അതീവ ജാഗ്രത പാലിക്കണം.
ന്യൂനമർദം ചുഴലിക്കാറ്റായി മാറുകയും കേരള തീരത്തിനടുത്ത് കൂടി കടന്ന് പോവുകയും ചെയ്യാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ വ്യപകമായി ശക്തമായ കാറ്റും മഴയും കടൽക്ഷോഭവും ഉണ്ടാകാൻ സാധ്യതയുണ്ട്. ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിരിക്കുന്നത് മുൻകരുതൽ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.