Saturday, January 4, 2025
Kerala

അത് പരസ്യമല്ലേ’, ‘അങ്ങനെ കണ്ടാൽ മതി’: ക്രിയാത്മകമായ വിമർശനങ്ങൾക്ക് സ്വാഗതമെന്ന് മുഹമ്മദ് റിയാസ് 

കോഴിക്കോട്: ഇന്ന് തിയേറ്ററുകളിൽ എത്തിയ കുഞ്ചാക്കോ ബോബൻ ചിത്രം ‘ന്നാ താൻ കേസ് കൊട്’നെതിരായ സൈബർ ആക്രമണങ്ങളെ തള്ളിപ്പറഞ്ഞ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ‘തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്നത് സിനിമയുടെ പരസ്യമായി മാത്രം കണ്ടാൽ മതിയെന്ന് മന്ത്രി പറഞ്ഞു. സിനിമയുടെ പരസ്യത്തെ ആ നിലയിൽ എടുക്കണം. സൈബർ ആക്രമണത്തെ കുറിച്ചറിയില്ല. അതിനെ കുറിച്ച് അത് നടത്തുന്നവരോട് ചോദിക്കണം. അനാവശ്യ വിവാദമാണ് നടക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. 

കേരളം ഉണ്ടായ സമയം മുതലുള്ള പ്രശ്നമാണ് റോഡുകളുടേത്. സുതാര്യമായ രീതിയിൽ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമം. ക്രിയാത്മകമായ വിമർശനങ്ങളെയും നിർദേശങ്ങളെയും സ്വാഗതം ചെയ്യുമെന്നും റിയാസ് പറഞ്ഞു. വ്യക്തികളോ സംഘടനകളോ സിനിമകൾക്കോ വിമർശിക്കാം. ഈ വിമർശനങ്ങളെ സ്വാഗതം ചെയ്യുക എന്നതാണ് വ്യക്തിപരമായ നിലപാടെന്നും റിയാസ് വ്യക്തമാക്കി. ‘വെള്ളാനകളുടെ നാട്’ എന്ന സിനിമയിൽ പൊതുമരാമത്ത് വകുപ്പിനെ വിമർശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *