എംഎല്‍എമാര്‍ കരാറുകാരുമായി വരരുതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു: മന്ത്രി പി എ മുഹമ്മദ് റിയാസ്
കോഴിക്കോട്: എംഎല്‍എമാര്‍ കരാറുകാരുമായി വരരുതെന്ന് താന്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സ്വന്തം മണ്ഡലത്തില്‍ പ്രവര്‍ത്തികളില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ എംഎല്‍എമാര്‍ക്ക് കരാറുകാരുമായി വരാം. അതല്ലാതെ മറ്റ് മണ്ഡലങ്ങളിലെ കാര്യവുമായി വരുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
ഇക്കാര്യങ്ങള്‍ ആലോചിച്ച് ഉറപ്പിച്ച് പറഞ്ഞതാണ്. അല്ലാതെ പെട്ടന്ന് ഒരു ദിവസം പറഞ്ഞതല്ല.നിലപാടില്‍നിന്ന് ഒരടി പിന്നോട്ട് പോകില്ല. ഇത് സംബന്ധിച്ച് എംഎല്‍എമാരുടെ യോഗത്തില്‍ ഖേദം പ്രകടിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ല. തന്റെ മറുപടി പ്രസംഗത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം പോലും എതിര്‍ത്ത് സംസാരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള വഴിവിട്ട ബന്ധം യാഥാര്‍ഥ്യമാണ്. അതേ സമയം നല്ലരീതിയില്‍ കരാര്‍ ഏറ്റെടുത്ത് നടത്തുന്നവരും ഉദ്യോഗസ്ഥരും ഉണ്ട്.
അതേ സമയം ബിറ്റമിന് താഴ്ന്ന വില നിലനില്‍ക്കെ ഉയര്‍ന്ന വിലക്ക് കരാര്‍ കൊടുക്കുന്ന ഉദ്യോഗസ്ഥരുമുണ്ട്. ഇന്‍വോയ്‌സിലും തട്ടിപ്പ് നടത്തുന്നുണ്ട്. സമയബന്ധമില്ലാതെ കരാര്‍ നീട്ടിക്കൊണ്ടു പോകുന്നതിന് ചില ഉദ്യാഗസ്ഥര്‍ സഹായം നല്‍കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ കരാറുകാരെ കൂട്ടിവരുന്നവര്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു