ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയ്ക്ക് കെപിസിസിയുടെ ആദരം
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് നഞ്ചിയമ്മയ്ക്ക് കെപിസിസിയുടെ ആദരം. മികച്ച ഗായികയ്ക്കുളള ദേശീയ അവാർഡ് നേടിയതിനാണ് സ്വാതന്ത്ര്യ ദിനാഘോഷത്തോടൊപ്പം നഞ്ചിയമ്മയ്ക്ക് ആദരമർപ്പിക്കുന്നത്. ഓഗസ്റ്റ് 15 ന് രാവിലെ 10ന് തിരുവനന്തപുരത്തെ ഇന്ദിര ഭവൻ കെപിസിസി ഓഫീസിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ഗാനത്തിനാണ് മികച്ച ഗായികയ്ക്കുളള 68-ാമത് ദേശീയ പുരസ്കാരം നഞ്ചിയമ്മയ്ക്ക് ലഭിച്ചത്. ‘കളക്കാത്ത സന്ദനമേറം… പൂത്തിരിക്കും പൂപറിക്കാ പോകിലാമോ…’എന്ന ഗാനമാണ് പുരസ്കാരത്തിനർഹമായത്. അട്ടപ്പാടിയിലെ നക്കുപതി പിരിവ് സ്വദേശിയാണ് നഞ്ചിയമ്മ. അയ്യപ്പനും കോശിയും സിനിമ തിയേറ്ററുകളിൽ പ്രദർശനത്തിന് മുമ്പേ തന്നെ ടൈറ്റിൽ ഗാനവും ഗായികയായ നഞ്ചിയമ്മയും ജനശ്രദ്ധ നേടിയിരുന്നു.
ദേശീയ പുരസ്കാരത്തിൽ ഏറ്റവും അധികം അവാർഡുകൾ നേടിയതും സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ എന്ന മലയാള ചിത്രമാണ്. മികച്ച സംവിധായകനായി സച്ചി, മികച്ച സഹനടനായി ബിജു മേനോൻ, മികച്ച ഗായിക നഞ്ചിയമ്മ, മികച്ച സംഘട്ടന സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രത്തിന് പുരസ്‌കാരം ലഭിച്ചത്.