ഹിജാബ് വിവാദത്തിൽ ഇത് കേരളത്തിന്റെ മറുപടി; മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിലെ ചിത്രങ്ങൾ വൈറൽ
ഹിജാബ് വിവാദം രാജ്യമെങ്ങും ചർച്ചയാകുമ്പോൾ കേരളത്തിന്റെ മറുപടിയെന്ന പോലെ ഒരു ചിത്രം. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിലെ ചിത്രങ്ങളാണ് നിലവിൽ കത്തിനിൽക്കുന്ന വിവാദത്തിൽ കേരളത്തിന്റെ മറുപടി സ്റ്റേറ്റ്‌മെന്റായി പലരും ചൂണ്ടിക്കാണിക്കുന്നത്. പൂവച്ചൽ സ്‌കൂളിൽ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ ഹിജാബ് ധരിച്ച പെൺകുട്ടികൾ പ്രാർഥനാ ഗാനം ആലപിക്കുന്നതാണ് ചിത്രത്തിലുള്ളത്
53 സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളായി പ്രഖ്യാപിക്കുന്നതായിരുന്നു ചടങ്ങ്. സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥികളായ ആറ് കുട്ടികളാണ് പ്രാർഥനാ ഗാനം അവതരിപ്പിച്ചത്. യാദൃശ്ചികമായി ആറ് കുട്ടികളും ഹിജാബ് ധരിച്ചവരായെന്ന് ജി സ്റ്റീഫൻ എംഎൽഎയും പറയുന്നു.
കുട്ടികളുടെ പാട്ടും വേഷവും കേരളത്തിന്റെ മാതൃകയെന്ന നിലയിൽ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. കർണാടകയിൽ ഹിജാബ് ധരിച്ച കുട്ടികൾക്ക് സ്‌കൂളുകളിൽ പ്രവേശനം നിഷേധിച്ചതോടെയാണ് ഹിജാബ് വിഷയം രാജ്യത്താകെ വിവാദമായത്.