ഹിജാബ് വിവാദം: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസത്തെ അവധി
ഹിജാബ് വിവാദം കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കത്തിനിൽക്കെ മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളും കോളജുകളും അടച്ചിടാൻ തീരുമാനം. മുഖ്യമന്ത്രി ബസവരാജ ബൊമ്മെയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ വിദ്യാർഥികളോടും അധ്യാപകരോടും സ്‌കൂൾ കോളജ് അധികൃതരോടും ജനങ്ങളോടും സമാധാനവും ഐക്യവും നിലനിർത്താൻ അഭ്യർഥിക്കുന്നതായും മുഖ്യമന്ത്രി ആവശ്യപ്പെട്ടു
വിവിധ സ്‌കൂളുകളിലും കോളജുകളിലും ഹിജാബ് ധരിച്ച് പ്രവേശിക്കുന്നത് വിലക്കിയതോടെയാണ് വിവാദം ഉടലെടുത്തത്. ഒരു വിഭാഗം വിദ്യാർഥികൾ ഹിജാബ് ധരിച്ചുവന്നപ്പോൾ സംഘ്പരിവാർ അനുകൂല വിദ്യാർഥികൾ കാവി ഷാളും ധരിച്ച് എത്തുകയായിരുന്നു. ഇരുവിഭാഗങ്ങളും തമ്മിൽ കലാലയങ്ങളിൽ പോർവിളികളും സംഘർഷവും നടന്നിരുന്നു
അതേസമയം ഹിജാബ് നിരോധനത്തിനെതിരെ ഹൈക്കോടതിയിൽ വിദ്യാർഥികൾ ഹർജി നൽകി. മൗലികാവകാശ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് ഉഡുപ്പി വനിതാ കോളജിലെ വിദ്യാർഥികൾ ഹർജി നൽകിയത്. ഹിജാബ് നിരോധിച്ചത് മതസ്വാതന്ത്ര്യത്തിനുള്ള അവകാശം നിഷേധിച്ചതിന് തുല്യമാണെന്ന് ഹർജിയിൽ വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു.