ഹിജാബ് ധരിക്കാതെ പ്രതിഷേധത്തിൽ പങ്കെടുത്ത യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ഇറാനിലെ ഹിജാബ് പ്രതിഷേധത്തിൽ പങ്കെടുത്ത യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹാദിസ് നജാഫിയാണ് കൊല്ലപ്പെട്ടത്.
ഹിജാബ് ധരിക്കാതെ മുടി പിന്നിലേക്ക് പോണി ടെയിൽ കെട്ടുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വിഡിയോയിലെ സ്ത്രീയാണ് മരിച്ചത്.
റിപ്പോർട്ടുകൾ പ്രകാരം ഹാദിസിന്റെ വയറിലും കഴുത്തിലും ഹൃദയത്തിലും കൈയിലുമാണ് വെടിയേറ്റത്. നിരവധി പേരാണ് കൊലപാതകത്തിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നത്.
സെപ്റ്റംബർ 16ന് മഹ്‌സ അമിനി എന്ന യുവതിയെ ശരിയായി ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ സദാചാര പൊലീസ് മർദിച്ച് കൊലപ്പെടുത്തിയതോടെയാണ് ഇറാനിൽ പ്രതിഷേധം ആരംഭിക്കുന്നത്. തലയിൽ നിരവധി തവണ അടിയേറ്റ മഹ്‌സ അമിനി കോമയിലായിരുന്നു. എന്നാൽ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഇറാൻ ഭരണകൂടം പുറത്ത് വിട്ട റിപ്പോർട്ട്.
1979 ലാണ് ഇറാനിൽ ഹിജാബ് നിയമം വരുന്നത്. നിയമപ്രകാരം ഇറാനിൽ ഹിജാബ് ധരിക്കുന്നത് നിർബന്ധമാണ്.