സംസ്ഥാനത്ത് കോവിഡ് വിസ്ഫോടം; അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡിന്റെ തീവ്ര വകഭേദങ്ങളായ ഒമിക്രോണും ഡെൽറ്റയും സംസ്ഥാനത്ത് സജീവമാണെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. അനാവശ്യ യാത്രകളും ആൾക്കൂട്ട സാഹചര്യങ്ങളും ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് കോവിഡ് കേസുകളിൽ 100 ശതമാനം വർധനവാണ് ഉണ്ടായത്. 20 മുതൽ 40 വയസുവരെ പ്രായമുള്ളവരിലാണ് രോഗബാധ കൂടുതൽ. ആരോഗ്യപ്രവർത്തകരും രോഗബാധിതരാകുന്നു. അതിനാൽ നിശ്ചയമായും എല്ലായിടത്തും കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം. പാർട്ടി സമ്മേളനങ്ങളിൽ ഉൾപ്പെടെ ഇത് ബാധകമാണെന്നും മന്ത്രി പറഞ്ഞു.
നിലവിൽ ഡെൽറ്റ മൂലമാണ് സംസ്ഥാനത്തെ കോവിഡ് കേസുകൾ വർധിക്കുന്നത്. ഒമിക്രോൺ ക്ലസ്റ്ററുകൾ രൂപപ്പെട്ടതായി കണ്ടെത്തിയിട്ടില്ല. ഒമിക്രോൺ വ്യാപനം ആരംഭിച്ചാൽ ഡെൽറ്റയെക്കാൾ മൂന്നിരട്ടി പ്രഹരശേഷിയിലാകും വ്യാപിക്കുക. ഒമിക്രോൺ വ്യാപനം വൈകിപ്പിക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.