സംസ്ഥാനത്ത് 21 മുതൽ സ്വകാര്യ ബസ് പണിമുടക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബർ 21 മുതൽ സ്വകാര്യ ബസുകൾ പണിമുടക്കുമെന്ന് സ്വകാര്യ ബസുടമകളുടെ സംഘടന അറിയിച്ചു. നിരക്ക് വർധന നടപ്പാക്കാത്ത സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
നിരക്ക് വർധിപ്പിക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നും അതിനാലാണ് നിരത്തിൽ നിന്നും വാഹനങ്ങൾ പിൻവലിക്കുന്നതെന്നും ബസുടമകളുടെ സംഘടനാ നേതാക്കൾ പറഞ്ഞു. ഒന്നര വർഷം മുൻപ് ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷൻ നിരക്ക് വർധന സംബന്ധിച്ച ശിപാർശ സർക്കാരിന് നൽകിയതാണ്. എന്നാൽ നടപടി എടുക്കാൻ സർക്കാർ തയാറാകുന്നില്ല.
ഡീസൽ ലിറ്ററിന് 60 രൂപയായിരുന്ന കാലത്തെ നിരക്കിൽ തന്നെയാണ് ബസ് സർവീസുകൾ നിലവിൽ നടക്കുന്നത്. ഇന്ന് ഡീസലിന്റെ വില ലിറ്ററിന് 92 രൂപയാണ്. സ്പെയർ പാട്സ്, ഇൻഷുറൻസ്, തൊഴിലാളി വേതനം എന്നിവയെല്ലാം ഉയർന്നപ്പോഴും നിരക്ക് വർധന മാത്രം ഉണ്ടായില്ലെന്ന് ബസുടമകൾ പറയുന്നു. വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കാതെയുള്ള നിരക്ക് വർധനവ് അംഗീകരിക്കില്ലെന്നും ബസുടമകൾ വ്യക്തമാക്കിയിട്ടുണ്ട്.