Tuesday, April 15, 2025
Kerala

മരുന്നു കുറിപ്പടിയില്‍ കൂട്ടക്ഷരമല്ലാതെ ജനറിക് പേരുകൾ എഴുതണമെന്ന് കർശന നിർദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: മരുന്നുകളുടെ കുറിപ്പടിയില്‍ ജനറിക് പേരുകള്‍ നിര്‍ബന്ധമാക്കാന്‍ നിര്‍ദേശം. മരുന്ന് കുറിപ്പടിയില്‍ രോഗികള്‍ക്ക് വായിക്കാനാവുന്ന വിധം കൂട്ടക്ഷരമല്ലാതെ ജനറിക് പേര് എഴുതാന്‍ ഡോക്ടര്‍മാര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കി.മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശ പ്രകാരം ജനറിക് പേരുകള്‍ എഴുതണമെന്ന് 2014ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അത് പാലിക്കുന്നില്ലെന്ന പരാതിയെത്തുടര്‍ന്നാണ് സംസ്ഥാന ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഇടപെടല്‍.

മനസിലാകും വിധം മരുന്ന് കുറിയ്‌ക്കുക,സര്‍ക്കാര്‍ സംവിധാനത്തിന് പുറത്തുള്ള ഫാര്‍മസികളിലേക്ക് പരമാവധി കുറിപ്പടി നല്‍കാതിരിക്കുക എന്നീ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ലംഘിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കി.

കമ്പനികൾ വിവിധ ബ്രാന്‍ഡ്പേരുകളിലാണ് മരുന്നുകള്‍ വിപണിയിലിറക്കുന്നത്. എല്ലാ മരുന്നുകള്‍ക്കും രാസനാമവും ജനറിക് പേരും ബ്രാന്‍ഡ് പേരുമുണ്ട്. എന്നാല്‍ ബ്രാന്‍ഡ് പേര് മാത്രമാണ് ഡോക്ടര്‍മാര്‍ കുറിപ്പടിയില്‍ എഴുതുന്നത്. ഡോക്ടര്‍ക്ക് താല്‍പ്പര്യമുള്ള കമ്പനികളുടെ മരുന്നുമാത്രമേ കുറിപ്പടിയില്‍ ഉണ്ടാകാറുള്ളൂ. മറ്റു കമ്പനികളുടെ മരുന്നുകള്‍ക്കില്ലാത്ത മികവ് തങ്ങളുടെ മരുന്നിനുണ്ടെന്ന് ഡോക്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചും വിലയേറിയ പാരിതോഷികം നല്‍കി പ്രലോഭിപ്പിച്ചുമാണ് കമ്പനികൾ സ്വന്തം ബ്രാന്‍ഡ് രോഗികളില്‍ എത്തിക്കുന്നത്.

നിലവില്‍ ഡോക്ടര്‍മാര്‍ എഴുതുന്ന പല മരുന്നുകളും അവരുടെ ആശുപത്രിയുടെയോ ക്ലിനിക്കിന്റെയോ പരിസരത്തുമാത്രമാണ് ലഭിക്കുക. ജനറിക് പേരുകള്‍ നിര്‍ബന്ധമാക്കുന്നതോടെ ബ്രാന്‍ഡ് പേരുകള്‍ അപ്രസക്തമാകും. വിലകൂടിയ ബ്രാന്‍ഡുകള്‍ രോഗികള്‍ക്ക് നിര്‍ദേശിക്കുന്നതും ഒഴിവാക്കാനാകും.

Leave a Reply

Your email address will not be published. Required fields are marked *