Monday, January 6, 2025
Kerala

ബുറേവി ചുഴലിക്കാറ്റ്: ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ചുഴലിക്കാറ്റും മഴയും മൂലമുണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങളും പിന്നീടുണ്ടാവുന്ന പകര്‍ച്ചവ്യാധികളും ഫലപ്രദമായി നേരിടാനാണ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചത്. ആശുപത്രികളില്‍ മതിയായ ചികില്‍സാ സൗകര്യവും മരുന്നുകളും ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. എല്ലാ പ്രവര്‍ത്തനങ്ങളും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍വഹിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ പ്രധാന ആശുപത്രികളും മെഡിക്കല്‍ കോളജുകളും വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതാണ്. അത്യാഹിത വിഭാഗത്തില്‍ മാസ് കാഷ്വാലിറ്റി ഉണ്ടായാല്‍ പോലും നേരിടാനുള്ള സംവിധാനങ്ങള്‍ ആശുപത്രി മാനേജ്മെന്റ് ഒരുക്കേണ്ടതാണ്. ആന്റി സ്നേക്ക്വെനം പോലുള്ള അത്യാവശ്യ മരുന്നുകളും എമര്‍ജന്‍സി മെഡിക്കല്‍ കിറ്റും ഉറപ്പുവരുത്തേണ്ടതാണ്. ഓര്‍ത്തോപീഡിഷ്യന്‍, ഫിസിഷ്യന്‍, പീഡിയാട്രീഷ്യന്‍, സര്‍ജന്‍, അനസ്തീഷ്യാ ഡോക്ടര്‍ എന്നിവര്‍ ഓണ്‍ കോള്‍ ഡ്യൂട്ടിയില്‍ അത്യാവശ്യമുള്ളപ്പോള്‍ എത്തേണ്ടതാണ്.

 

മുന്നറിയിപ്പുള്ള പ്രദേശങ്ങളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളും സാമൂഹികാരോഗ്യകേന്ദ്രങ്ങളും തുടങ്ങി താഴെത്തട്ടിലുള്ള ആശുപത്രികള്‍ ജാഗ്രതയോടെയിരിക്കണം. അതാത് ജില്ലകളിലെ നോഡല്‍ ഓഫീസര്‍മാര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരുടെ നിര്‍ദേശങ്ങളനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. പ്രശ്നബാധിതമായ എല്ലാ ജില്ലകളിലും റാപ്പിഡ് റെസ്പോണ്‍സ് ടീം എപ്പോഴും ജാഗ്രതയായിരിക്കണം. തീരദേശമേഖലകളില്‍ ആവശ്യമായ ജീവനക്കാര്‍ ഉള്‍പ്പെടെ സജ്ജീകരണങ്ങള്‍ ഒരുക്കണം. ക്യാംപുകളിലും മതിയായ ചികില്‍സ ഉറപ്പുവരുത്തും.

Leave a Reply

Your email address will not be published. Required fields are marked *