പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥി നിർണയത്തിന്റെ കാര്യത്തിൽ ഞങ്ങൾക്ക് വേവലാതിയില്ല: ഇ.പി ജയരാജൻ
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണയത്തിന്റെ കാര്യത്തിൽ ഞങ്ങൾക്ക് ധൃതിയോ വേവലാതിയോ ഇല്ലെന്ന് ഇ പി ജയരാജൻ. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ കോൺഗ്രസ് ഉത്കണ്ഠയിലും വേവലാതിയിലും ആണ്. സംഘടനാപരമായ പ്രവർത്തനം സിപിഐഎം പുതുപ്പള്ളിയിൽ തുടങ്ങിക്കഴിഞ്ഞു. പുതുപ്പള്ളിയിൽ സിപിഐഎം മത്സരിക്കുമെന്നും സിപിഐഎം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ പരാജയഭീതിയാണ് ഈ വെപ്രാളത്തിന്റെയും വേവലാതിയുടെയും അടിസ്ഥാനം. എല്ലാ യോഗ്യതയും ഉള്ള സ്ഥാനാർത്ഥികൾ സിപിഐഎമ്മിൽ ആവശ്യം പോലെയുണ്ട്. സിപിഐഎം മത്സരിക്കുന്നിടത്ത് പാർട്ടി ചിഹ്നത്തിൽ മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷൻ സാഹചര്യം ആരാഞ്ഞിട്ടില്ല. വിവിധ പാർട്ടികളുമായി തീയതിയുടെ കാര്യത്തിൽ കൂടിയാലോചന നടന്നില്ല. തീയതിയിൽ തെറ്റൊന്നുമില്ല, തെരഞ്ഞെടുപ്പ് കമ്മീഷൻ സാഹചര്യം പരിശോധിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
വീണ വിജയനെതിരായ ആരോപണം അടിസ്ഥാനരഹിതമാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് സംശയമുണ്ടാക്കാൻ ശ്രമിക്കുകയാണ്. ജനങ്ങളിൽ സംശയമുണ്ടാക്കാൻ ആസൂത്രിതമായി നീക്കം നടക്കുന്നു. മാധ്യമങ്ങൾ പിന്മാറണം. രാഷ്ട്രീയ വിരോധം തീർക്കാൻ വ്യക്തിഹത്യ നടത്തുകയാണ്.
രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ട് നേരിടണം. നികുതി അടച്ചിട്ടുണ്ടെങ്കിൽ പിന്നെ എന്ത് രേഖ വേണം.വീണ ഒരു കൺസൾട്ടന്റാണ് . എത്ര കേന്ദ്ര മന്ത്രിമാരുടെ മക്കൾ കൺസൾട്ടൻസി നടത്തുന്നുണ്ട്.മറ്റുള്ളവർ പണം വാങ്ങിയോ ഇല്ലയോ എന്നത് വേറെ കാര്യമാണെന്നും അത് പറയേണ്ടത് അവരാണെന്നും അദ്ദേഹം പ്രതികരിച്ചു.