Saturday, October 19, 2024
Kerala

നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി; ഇനി ചേരുക പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ നിയമസഭ സമ്മേളനം വെട്ടി ചുരുക്കി. നാളെ പിരിയുന്ന നിയമസഭ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം വന്ന ശേഷമായിരിക്കും വീണ്ടും ചേരുക. സെപ്റ്റംബർ 11 മുതൽ 14 വരെയായിരിക്കും ഈ സമ്മേളനകാലം.ഇന്ന് ചേരുന്ന കാര്യോപദേശക സമിതിയിലായിരുന്നു ഇത് സംബന്ധച്ച തീരുമാനമെടുത്തത്. ഈ മാസം 24 വരെ സഭ ചേരാനായിരുന്നു മുൻ തീരുമാനം. പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്നലെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറും സമ്മേളനം ചുരുക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തിരുന്നു.

അതിനിടെ, കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിന്‍റെ വധഭീഷണി പരാതി പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചു. ഇടതുപക്ഷത്തിന്‍റെ എംഎൽഎ ആയിട്ടും വേട്ടയാടുന്നു എന്നായിരുന്നു തോമസ് കെ തോമസിന്‍റെ പരാതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഇടതുപക്ഷ എംഎല്‍എക്ക് പോലും സംസ്ഥാനത്ത് രക്ഷയില്ല. ഒരാൾ ഒരു എംഎല്‍എയെ കൊല്ലും എന്ന് ഒരു വർഷം മുൻപ് ഭീഷണിപ്പെടുത്തിയ പരാതിയിൽ ഒരു നടപടിയും ആയില്ല. അന്ന് അന്വേഷിച്ച എസ്പിക്ക് തന്നെയാണ് പുതിയ പരാതിയും കൈമാറിയത്. നാളെ കുട്ടനാട് എംഎല്‍എക്ക് എന്തെങ്കിലും പറ്റിയാൽ ആരാകും ഉത്തരവാദിയെന്നും സതീശന്‍ ചോദിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

Leave a Reply

Your email address will not be published.