‘നുണയുടെ മാർക്കറ്റില്‍ മോഷണത്തിന്റെ കട, സ്നേഹത്തിന്റെ കടയിൽ കലാപം വിൽക്കാൻ ശ്രമം’; രാഹുലിനെ പരിഹസിച്ച് മോദി
മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ലോക്സഭയിൽ മറുപടി നൽകി സംസാരിക്കുകയായിരുന്നു മോദി. നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് സംസാരിച്ച മോദി, പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. ഇത് സർക്കാരിന്‍റെ പരീക്ഷണമല്ല. പ്രതിപക്ഷത്തിന്‍റെ പരീക്ഷണമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തോട് ജനങ്ങള്‍ ‘അവിശ്വാസം കാണിച്ചു’. 2024 ല്‍ ബിജെപിക്ക് റെക്കോർഡ് വിജയം ഉണ്ടാകുമെന്നും മോദി പറഞ്ഞു.
പ്രതിപക്ഷത്തിന് അധികാരത്തോട് ആർത്തിയാണ്. പാവപ്പെട്ടവരെ കുറിച്ച് ചിന്തയില്ല. പ്രതിപക്ഷത്തിന്‍റെ അടുപ്പക്കാർക്ക് പോലും അവരുടെ പ്രസംഗത്തില്‍ സന്തോഷമില്ല. അഴിമതി പാർട്ടികള്‍ ഒന്നായിരിക്കുന്നുവെന്ന് മോദി വിമർശിച്ചു. പ്രതിപക്ഷം എപ്പോഴും ജനങ്ങളെ നിരാശപ്പെടുത്തുകയാണെന്നും മോദി കുറ്റപ്പെടുത്തി. രാജ്യത്തെ യുവാക്കള്‍ക്കായി അഴിമതി രഹിത ഇന്ത്യ ഉണ്ടാക്കാൻ ബിജെപിക്കായെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
പൊതുമേഖല ബാങ്കുകളുടെ ലാഭം ഇരിട്ടിയായി വർധിച്ചു. എല്‍ഐസിയും എച്ച്എഎല്ലും നശിച്ചുവെന്നായിരുന്നു പ്രതിപക്ഷ പ്രചരണം. പ്രചാരണം അടിസ്ഥാന രഹിതമെന്ന് കണക്കുകള്‍ ഉദ്ധരിച്ച് മോദി വിശദമാക്കി. സർക്കാരിന്‍റെ മൂന്നാം ഭരണകാലത്ത് ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും. കോണ്‍ഗ്രസ് കഠിനാധ്വാനത്തില്‍ വിശ്വസിക്കുന്നില്ല. കോണ്‍ഗ്രസിന് കാഴ്ചചപ്പാടോ നേതൃത്വമോ ഇല്ല. 2028 ല്‍ പ്രതിപക്ഷത്തിന് വീണ്ടും അവിശ്വാസം കൊണ്ടുവരാമെന്ന് മോദി പറഞ്ഞു.