പെരുവണ്ണാമുഴിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ യുവാവിനെ വിട്ടുകിട്ടാൻ കുടുംബം സ്വർണക്കടത്ത് സംഘത്തിന് പണം നൽകി
കോഴിക്കോട് പെരുവണ്ണാമുഴിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ ഇർഷാദ്‌നെ വിട്ട് കിട്ടാൻ കുടുംബം സ്വർണക്കടത്ത് സംഘത്തിന് പണം നൽകി. ഇർഷാദ് മരിച്ച വിവരം മറച്ചു വെച്ചാണ് സ്വർണക്കടത്ത് സംഘം പണം വാങ്ങിയത്. ആദ്യം അന്പതിനായിരം രൂപയും പിന്നീട് പത്ത് ലക്ഷം രൂപയും കുടുംബം നൽകി.
സ്വർണക്കടത്ത് സംഘത്തിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സ്വാലിഹ് ജൂലൈ 30 ന്ന് ഇർഷാദിനെ വിട്ട് നൽകാൻ പണം ആവശ്യപെടുന്ന ശബ്ദ രേഖയാണ് പുറത്ത് വന്നത്. പണം നൽകുന്നതിനിടെ പല വാർത്തകൾ വരുമെന്നും അതിന് പിറകെ പോകരുതെന്നും സ്വാലിഹ് ബന്ധുക്കൾക്ക് താക്കീത് നൽകുന്നുണ്ട്.
ബാങ്ക് വഴി കുടുംബം ആദ്യം അന്പതിനായിരം രൂപ സ്വാലിഹ് ആവശ്യപ്പെട്ട അക്കൗണ്ടിലേക്ക് അയച്ചു നൽകിയിരുന്നു. പിന്നീട് പത്ത് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇർഷാദിനെ വിട്ട് നൽകുമെന്ന് ഉറപ്പ് നൽകിയതോടെ ഈ തുക ദുബായിൽ വച്ച് സുഹൃത്തുക്കൾ വഴി കൈമാറി. എന്നാൽ വീണ്ടും അറുപത് ലക്ഷം രൂപ ആവശ്യപെടുകയായിരുന്നു വെന്ന് കുടുംബം പറയുന്നു. പണം നൽകിയ ശേഷമാണ് ഇർഷാദ് മരിച്ചെന്ന വിവരം പോലിസ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിനിടെ ദുബായിൽ വച്ച് സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ചകണ്ണൂർ സ്വദേശി ജസീലിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.
ഇർഷാദിനെ സ്വാലിഹ്ന്‌ന് പരിചയപെടുത്തിയത് ജസീലാണ്. ഇർഷാദ് സ്വർണവുമായി മുങ്ങിയെന്ന് ആരോപിച്ചാണ് ജസീലിനെതട്ടിക്കൊണ്ടു പോയി മർദ്ദിച്ചത്. അതേസമയം വിദേശത്തുള്ള പ്രതികൾക്കായി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കം അന്വേഷണസംഘം ആരംഭിച്ചു.