ആംബുലൻസിന്റെ സൈറൺ മുഴക്കി ചീറിപ്പായൽ; ഇ ബുൾ ജെറ്റിന്റെ നിയമലംഘനങ്ങൾ കൂടുതൽ പുറത്ത്
ഇ ബുൾ ജെറ്റെന്ന പേരിൽ കണ്ണൂരിലെ രണ്ട് യുവാക്കൾ റോഡിൽ നടത്തിക്കൂട്ടിയ തോന്ന്യാസങ്ങളും നിയമലംഘനങ്ങളും ഓരോന്നായി പുറത്തുവരുന്നു. അനധികൃതമായി വാഹനം മോഡിഫൈ ചെയ്തതിന് പിഴ ചുമത്തിയതിനെ തുടർന്ന് കണ്ണൂർ മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ ആളെക്കൂട്ടിയെത്തി ഇവർ കാട്ടിക്കൂട്ടിയ കരച്ചിൽ നാടകത്തിന്റെ വീഡിയോ ഇന്നലെ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഈ രണ്ട് യുവാക്കളും കാണിച്ച നിയമലംഘനങ്ങൾ ഓരോന്നായി പുറത്തുവരുന്നത്
റോഡിലൂടെ വേഗത്തിൽ പോകുന്നതിനായി ആംബുലൻസിന്റെ സൈറൺ വരെ ഇവർ ഉപയോഗിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വീഡിയോകളിൽ നിന്ന് വ്യക്തമാകുന്നത്. ഇത്തരം തെളിവുകൾ ശേഖരിച്ച് ഇ ബുൾജെറ്റ് നിയമലംഘകരെ കുടുക്കാനുറപ്പിച്ച് മോട്ടോർ വാഹന വകുപ്പും രംഗത്തിറങ്ങിയിട്ടുണ്ട്.
ടോൾ ബൂത്തുകളിൽ നിന്ന് രക്ഷപ്പെടാനും ഇവർ ആംബുലൻസ് സൈറൺ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കേരളത്തിന് പുറമെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും ഇവർ ആംബുലൻസ് എന്ന രീതിയിൽ ജനങ്ങളെയും സർക്കാർ സംവിധാനങ്ങളെയും കബളിപ്പിച്ചിട്ടുണ്ട്. മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും ഇവർ ചെയ്തിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
വാഹന രൂപമാറ്റം വരുത്തിയതിന് ഇവർക്കെതിരെ കേസെടുത്തിരുന്നു. രൂപമാറ്റം വരുത്തി കാരവാനിൽ ഉൾപ്പെടുത്തിയ ലൈറ്റുകൾ രാത്രികാലങ്ങളിൽ എതിരെ വരുന്ന വാഹനങ്ങൾക്ക് തടസ്സമാകുമെന്നും അപകടത്തിന് വഴിവെക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.