പമ്പ ഡാമിലെ ജലനിരപ്പ് അപ്പര്‍ക്രസ്റ്റ് നിലയിലേക്കു കൊണ്ടുവരും: കളക്ടര്‍
പമ്പാ ഡാമിലെ ജലനിരപ്പ് അപ്പര്‍ക്രസ്റ്റ് നിലയിലേക്കു താഴ്ത്തിയ ശേഷമേ ഷട്ടറുകള്‍ അടയ്ക്കുകയുള്ളെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. പമ്പയിലെ ജലനിരപ്പ് ഞായറാഴ്ച 983. 45 ആയിരുന്നു. 983.5 ആണ് ഓറഞ്ച് അലര്‍ട്ട്. ഓറഞ്ച് അലര്‍ട്ടിലാണ് ഡാം തുറന്നു വിടാന്‍ തീരുമാനിച്ചത്.
സാധാരണ റെഡ് അലര്‍ട്ടായ 984.5 ഉം അതിനു ശേഷം ഉള്ള 985ല്‍ എത്തിയതിനും ശേഷം മാത്രമാണ് ഓറഞ്ചു ബുക്ക് പ്രകാരം തുറന്നു വിടാന്‍ തീരുമാനം എടുക്കേണ്ടത്. പക്ഷേ, കൂടുതല്‍ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്തും, ഡാം എഫ് ആര്‍ എല്‍ വരെ നിറഞ്ഞു കഴിഞ്ഞാല്‍ വലിയ തോതില്‍ ജലം തുറന്നു വിടേണ്ടി വന്നേക്കാം എന്ന വിലയിരുത്തലിലുമാണ് നിറയുന്നതിനു മുന്‍പേ തന്നെ ചെറിയ തോതില്‍ ജലം തുറന്നു വിടാന്‍ തീരുമാനിച്ചത്.
ആറു ഷട്ടറുകള്‍ വീതം രണ്ടടി തുറന്ന് 82 കുമിക്സ് വീതം ജലം ഒഴുക്കാനും ജലനിരപ്പ് ഓറഞ്ച് അലര്‍ട്ട് നിലയായ 983.5 ല്‍ നിന്നും ബ്ലൂ അലര്‍ട്ട് നിലയായ 982 ലേക്ക് ചുരുക്കാനുമാണ് ഞായറാഴ്ച തീരുമാനിച്ചതും നിര്‍ദേശം കൊടുത്തിരുന്നതും. പക്ഷേ, ഇപ്പോള്‍ ജലനിരപ്പ് 982 ല്‍ എത്തിയിട്ടും ഡാം ഷട്ടര്‍ അടച്ചിട്ടില്ല. അറുപതു സെന്റീ മീറ്റര്‍ കൂടി ജലനിരപ്പ് താഴ്ത്തി അപ്പര്‍ക്രസ്റ്റ് നിലയില്‍ ജലനിരപ്പ് നിലനിര്‍ത്താനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന പ്രവചനം കണക്കിലെടുത്താണ് ഈ തീരുമാനം.
ഡാം തുറന്നതിലൂടെ റാന്നി ഭാഗങ്ങളില്‍ പമ്പാ നദിയില്‍ പരമാവധി 40 സെന്റീമീറ്റര്‍ മാത്രമാണ് ജലനിരപ്പ് ഉയര്‍ന്നിട്ടുള്ളത്. മാലക്കര സി.ഡബ്ല്യൂ.സി റിവര്‍ ഗേജ് സ്റ്റേഷന്‍ കണക്ക് പ്രകാരം പത്ത് സെന്റീമീറ്റര്‍ മാത്രമാണ് ജലനിരപ്പ് ഉയര്‍ന്നിട്ടുള്ളത്. ഇന്ന് വൈകുന്നേരത്തോടു കൂടി ജലനിരപ്പ് 981.36 ലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 981.36 മീറ്ററില്‍ ജലനിരപ്പ് താഴുന്നത് അനുസരിച്ച് അടയ്ക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.