Wednesday, January 8, 2025
Kerala

വിജേഷ് പിള്ളയെ പരിചയമില്ല, കണ്ണൂരില്‍ പിള്ളമാരുമില്ല, ഒരു കോടി കണ്ടിട്ടുമില്ല; ആരോപണങ്ങള്‍ തള്ളി എം വി ഗോവിന്ദന്‍

സ്വപ്‌ന സുരേഷ് പരാമര്‍ശിച്ച വിജേഷ് പിള്ളയെ തനിക്ക് യാതൊരു പരിചയവുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആദ്യ മിനിറ്റില്‍ തന്നെ പൊട്ടിപ്പോകുന്ന തിരക്കഥയാണ് തയാറാക്കിയിരിക്കുന്നതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. തിരക്കഥ തയാറാക്കുമ്പോള്‍ നല്ല ഗൗരവമുള്ളത് തന്നെ തയാറാക്കണം. പല സ്ഥലത്തും പല പേരുകളൊക്കെയാണ് പറയുന്നത്. വിഷത്തില്‍ നിയമപരമായ എല്ലാ നടപടിയും സ്വീകരിക്കുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

അമിത് ഷാ വന്നാലും, ആര് വന്നാലും ഞങ്ങള്‍ക്ക് അത് പ്രശ്‌നമല്ല. നെഗറ്റീവായ ഇത്തരം കാര്യങ്ങള്‍ ഞങ്ങള്‍ എടുക്കുന്നില്ല. ആര് കഥയുണ്ടാക്കിയാലും ജനം തിരിച്ചറിയും. മാധ്യമങ്ങള്‍ ആഗ്രഹിച്ച കാര്യങ്ങളെല്ലാം അതേപടി നടക്കുമെന്ന പ്രതീക്ഷ വേണ്ട, ഞങ്ങള്‍ വളരെ പോസിറ്റീവാണ്. എം വി ഗോവിന്ദന്‍ പറഞ്ഞു.

ജനകീയ പ്രതിരോധ ജാഥയുടെ ശോഭ കെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. താന്‍ ഒരു കോടി പോലും കണ്ടിട്ടില്ല. ഇവരുടെ ഒന്നും ഒരു ശീട്ടും സര്‍ക്കാരിനും മുഖ്യമന്ത്രിക്കും കുടുംബത്തിനും തനിക്കും വേണ്ട. ജാഥയെ തടയാന്‍ ആര് വിചാരിച്ചാലും സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വപ്‌നയുടെ പുതിയ ആരോപണത്തില്‍ ആയിരം പ്രാവശ്യം കേസ് കൊടുക്കാനുള്ള നട്ടെല്ലുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കേസ് കൊടുക്കാന്‍ സാധിക്കുമോ എന്ന കെ സുധാകരന്റേയും വി ഡി സതീശന്റേയും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് എം വി ഗോവിന്ദന്റെ പ്രതികരണം. സ്വപ്‌നയുടെ ആരോപണത്തില്‍ പുറത്തുകൊണ്ടുവരാന്‍ ഒന്നുമില്ലെന്നും എല്ലാം കഴിഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *