‘വൈദികന് വര്‍ഗീയതയുടെ വികൃത മനസ്’, ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്ന് എം വി ഗോവിന്ദന്‍
വിഴിഞ്ഞം വിഷയത്തില്‍ മന്ത്രി അബ്ദുറഹ്മാനെ വൈദികന്‍ അധിക്ഷേപിച്ചത് വര്‍ഗീയതയുടെ വികൃത മനസിനുള്ളതിനാലാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മന്ത്രിക്കെതിരായ വര്‍ഗീയ പരാമര്‍ശം നാക്കുപിഴയല്ല. വിഴിഞ്ഞത്ത് വര്‍ഗീയ നിലപാടാണ് സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.ഓലപ്പാമ്പ് കാട്ടി സിപിഐഎമ്മിനെ ആരും പേടിപ്പിക്കേണ്ടെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.
വര്‍ഗീയത മനസില്‍ ഉള്ളവര്‍ക്കേ പേരില്‍ വര്‍ഗീയത കാണാന്‍ കഴിയൂ. തുറമുഖ നിര്‍മാണ വിരുദ്ധ സമര സമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡോഷ്യസിന് വികൃത മനസാണെന്നും രൂപത മുന്നോട്ടുവച്ച ആറ് ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണം എന്ന ആവശ്യം മാത്രം മുന്നോട്ടുവച്ചാണ് സമരം തുടരുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ അക്രമം ആസൂത്രിതമാണ്. ഗൂഢാലോചന നടത്തിയവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണം. സമരം ചെയ്യുന്നത് മത്സ്യത്തൊഴിലാളികളല്ല. ഇടതു സര്‍ക്കാരിനെതിരായ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.