Friday, January 3, 2025
Kerala

‘സ്വപ്‌നയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്’ : വിജേഷ് പിള്ള

ഇന്നലെ പുറത്ത് വിട്ട പുതിയ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സ്വപ്‌നാ സുരേഷിനെതിരെ പരാതി നൽകി വിജേഷ് പിള്ള. ഡിജിപിക്ക് ഇ-മെയിൽ വഴിയാണ് വിജേഷ് പിള്ള പരാതി നൽകിയിരിക്കുന്നത്. ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോഴാണ് വിജേഷ് ഇക്കാര്യം വ്യക്തമാക്കിയത്.

‘സ്വപ്‌ന എന്ത് പറഞ്ഞാലും വൈറലായി കൊണ്ടിരിക്കുകയാണ്. ബിസിനസ് മീറ്റിന് പോയ ഞാൻ അവരത് മാറ്റിപറഞ്ഞപ്പോൾ ആരായി ? നിസാരമായ കാര്യങ്ങൾ അവർ വേറെ രീതിയിലാക്കുകയാണ്. അവരെ വിശ്വസിച്ചാണ് ഞാൻ അവിടെ പോയത്. അവർ ബുക്ക് എഴുതിയിട്ടുണ്ട്, അതുകൊണ്ട് അതുപോലെ ഒരു കണ്ടന്റ് വെബ് സീരീസാക്കാം എന്ന് വിചാരിച്ചാണ് അവരെ കാണാൻ പോയത്. വൈറലായ കണ്ടന്റ് ചെയ്തിട്ടല്ലേ കാര്യമുള്ളു. കണ്ടന്റിന് 100 കോടി വ്യൂസ് കിട്ടിയാൽ അതിന്റെ 30 ശതമാനം നൽകാമെന്ന് പറഞ്ഞിരുന്നു. അവർ എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാമെന്നാണ് സ്വപ്‌ന പറയുന്നത്. ഇത്രയധികം പണം കിട്ടിയാൽ മലേഷ്യയിലോ മറ്റോ പോയി സേഫ് ആകാം എന്ന് ഞാൻ പറഞ്ഞിരുന്നു. ആരും പറഞ്ഞിട്ടല്ല ഞാൻ സ്വപ്നയെ കണ്ടത്. എന്റെ കമ്പനിക്ക് വേണ്ടി കണ്ടന്റ് ചെയ്യാനാണ്. സ്വപ്‌ന അന്ന് പറഞ്ഞത് ഇതിന്റെ സ്‌ക്രിപ്റ്റ് സ്വപ്‌ന തയാറാക്കുമെന്നാണ്. സ്വപ്‌നയ്‌ക്കെതിരെ നിലവിൽ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. ഇ-മെയിലായാണ് പരാതി നൽകിയിരിക്കുന്നത്. സ്വപ്‌നയുടെ പ്ലാനിലേക്ക് എന്നെ പെടുത്തുകയായിരുന്നു എന്നാണ് എനിക്കിപ്പോൾ തോന്നുന്നത്. നിങ്ങൾ ഓരോ ദിവസവും ഓരോരുത്തരുടെ പേരാണ് കേസിലേക്ക് ഇടുന്നത്. അത് പ്രശ്‌നമാകില്ലേ എന്ന് ഞാൻ ചോദിച്ചിരുന്നു. അപ്പോൾ അവർ പറഞ്ഞു അവർ സേഫ് അല്ല, അതിനനുസരിച്ചുള്ള സ്ഥലത്ത് വേണം ഷൂട്ട് ചെയ്യാനെന്ന്. അപ്പോൾ ഞാൻ പറഞ്ഞു ഹരിയാനയിലേക്കോ ജയ്പൂരിലേക്കോ പോയി ഷൂട്ട് ചെയ്യാമെന്ന്’- വിജേഷ് പിള്ള പറഞ്ഞു.

സ്വപ്നയുടെ ആരോപണങ്ങൾ നുണയാണെന്ന് വിജേഷ് പിള്ള നേരത്തെ തന്നെ ട്വന്റിഫോറിനോട് വ്യക്തമാക്കിയിരുന്നു. സ്വപ്നയുടേത് തിരക്കഥയാണ്. വെബ് സീരീസുമായി ബന്ധപ്പെട്ട ചർച്ചയ്ക്കാണ് സ്വപ്നയെ കണ്ടത്. സ്വപ്നയെ താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ബിസിനസ് ഇടപാട് മാത്രമാണ് സ്വപ്നയുമായി സംസാരിച്ചതെന്നുമാണ് വിജേഷ് പിള്ള ട്വന്റിഫോറിനോട് പറഞ്ഞത്.

30 കോടി തരാമെന്നല്ല, വെബ് സീരിസിന്റെ 30% ലാഭവിഹിതം നൽകാമെന്നാണ് പറഞ്ഞത്. സ്വപ്‌നാ സുരേഷ് ആരോപിച്ചത് പോലെ എം വി ഗോവിന്ദനെ നേരിട്ട് പരിചയമില്ലെന്നും അദ്ദേഹം തൻറെ നാട്ടുകാരനാണെന്ന് സംസാരത്തിനിടെ പറഞ്ഞിരുന്നുവെന്നും വിജേഷ് പിള്ള വ്യക്തമാക്കി. പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും ആരോപണങ്ങൾക്ക് തെളിവുകൾ ഉണ്ടെങ്കിൽ സ്വപ്ന പുറത്തുവിടട്ടെയെന്നും വിജേഷ് പിള്ള പറഞ്ഞു. മറ്റാരുടെയും പേരുകൾ സംസാരത്തിനിടെ പരാമർശിച്ചിട്ടില്ലെന്നും എന്തിനാണ് തൻറെ പേര് വലിച്ചിഴയ്ക്കുന്നത് എന്നറിയില്ലെന്നും വിജേഷ് പിള്ള കൂട്ടിച്ചേർത്തു. തന്നെ ഇ ഡി നോട്ടിസ് നൽകി വിളിപ്പിച്ചിരുന്നുവെന്നും ഇ ഡി ഓഫീസിൽ നേരിട്ട് ഹാജരായെന്നും വിജേഷ് പിള്ള ട്വന്റിഫോറിനോട് പറഞ്ഞു.

ഇന്നലെയാണ് എംവി ഗോവിന്ദനെ സ്വർണക്കടത്ത് വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്ന പുതിയ ആരോപണവുമായി സ്വപ്‌നാ സുരേഷ് എത്തുന്നത്. എം.വി ഗോവിന്ദൻ പറഞ്ഞിട്ട് വിജേഷ് പിള്ള എന്ന വ്യക്തി തന്നെ കാണാനെത്തിയെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം. 30 കോടി തരാമെന്നും മലേഷ്യയിലേക്കോ യുകെയിലേക്കോ പോകണമെന്നും ഇല്ലെങ്കിൽ കൊന്ന് കളയുമെന്ന് എംവി ഗോവിന്ദൻ ഭീഷണിപ്പെടുത്തിയെന്നും വിജയ് പിള്ള പറഞ്ഞതായാണ് സ്വപ്‌നാ സുരേഷ് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *