ഒരു മതത്തിനും എതിരല്ലെന്നാണ് സിപിഐഎം നിലപാട്’; സ്വാഗതഗാന വിവാദം പരിശോധിക്കുമെന്ന് എം വി ഗോവിന്ദന്‍
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാന വിവാദവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സിപിഐഎമ്മും സര്‍ക്കാരും ഒരു മതത്തിനും എതിരല്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഈ നിലപാടിനെതിരെ ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കും. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റും സമാന ആവശ്യം ഉയര്‍ത്തിയിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണെന്ന് സിപിഐഎം പ്രസ്താവിച്ചു. സംഭവം വിശദമായി പരിശോധിച്ച് നടപടിയെടുക്കണമെന്നും സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തില്‍ മുസ്ലിം വിരുദ്ധതയുണ്ടെന്ന ആരോപണം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുവന്നിരുന്നു. ഒരു മുസ്ലിം വേഷധാരിയെ ഇതില്‍ തീവ്രവാദിയായി ചിത്രീകരിച്ചിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനങ്ങള്‍. ഇത് മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുകയും ചെയ്തതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസും ഈ വിഷയത്തില്‍ അന്വേഷണം വേണമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സിപിഐഎം വിഷയത്തില്‍ നിലപാട് അറിയിച്ചിരിക്കുന്നത്.