തൃശൂര്‍ പെരിങ്ങാവില്‍ വന്‍ തീപിടുത്തം; പറമ്പില്‍ നിന്ന് ഇവന്റ് മാനേജ്‌മെന്റ് ഗോഡൗണിലേക്ക് തീപടര്‍ന്നു
തൃശ്ശൂര്‍ പെരിങ്ങാവില്‍ വന്‍ തീപിടുത്തം. ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ ഗോഡൗണിലാണ് തീ പിടിച്ചത്. തീയണക്കാന്‍ ശ്രമം തുടരുകയാണ്.
കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് തീയിട്ടത് സ്ഥാപനത്തിലേക്ക് പടരുകയായിരുന്നെന്നാണ് വിവരം. മൂന്ന് ഫയര്‍ യൂണിറ്റുകളും നാട്ടുകാരുമാണ് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. പ്രദേശത്ത് ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. പ്രദേശത്താകെ വലിയ രീതിയില്‍ പുക വ്യാപിച്ചിട്ടുണ്ട്.
പൊലീസും അഗ്നിശമന സേനയുടെ ഒപ്പം തീയണയ്ക്കാന്‍ പരിശ്രമിക്കുകയാണ്. കെട്ടിടത്തില്‍ നിന്ന് തീ ഉയരുന്നത് കണ്ടപ്പോള്‍ തന്നെ കെട്ടിടത്തിന് സമീപത്തുള്ള വഴിയിലൂടെ വാഹനങ്ങള്‍ പോകുന്നത് നാട്ടുകാര്‍ തടഞ്ഞിരുന്നു. അലങ്കാരത്തിനുള്ള പ്ലൈവുഡ് സാധനങ്ങളാണ് വളരെ പെട്ടെന്ന് തീപിടിച്ചത്. ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിലെ ഭൂരിഭാഗം സാധനങ്ങളും കത്തിനശിച്ചെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ പരിസരത്ത് ചില മൃഗങ്ങളും ഉണ്ടായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.