21 ഗ്രാം എംഡിഎംഎയുമായി 4 യുവാക്കൾ തൃശൂരിൽ പിടിയിൽ
തൃശൂർ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി 4 യുവാക്കളെ ചേർപ്പ് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടറും പാർട്ടിയും ചേർന്ന് അമ്മാടത്തു നിന്നും പിടികൂടി. ഇവരിൽ നിന്നും 21ഗ്രാം എംഡിഎംഎ പിടികൂടി. അമ്മാടം സ്വദേശികൾ ആയ അക്ഷയ് (30), പ്രജിത് (22), ജെഫിൻ (23), ആഷിക് എന്നിവരെയാണ് പിടികൂടിയത്.
ഇന്നലെ കൊല്ലം ജില്ലയിലെ അഞ്ചലിൽ എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥനടക്കം മൂന്നുപേർ പിടിയിലായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥനായ കോട്ടുക്കൽ സ്വദേശി അഖിൽ, തഴമേൽ സ്വദേശി ഫൈസൽ, ഏരൂർ സ്വദേശി അൽസാബിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 20 ഗ്രാം എംഡിഎംഎ യും 58 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കൊല്ലം ഡാൻസാഫ് ടീമും അഞ്ചൽ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
അറസ്റ്റിലായ എക്സൈസ് ഉദ്യോഗസ്ഥൻ അഖിലിന് എംഡിഎംഎ കച്ചവടമുണ്ടെന്ന് നേരത്തെ മുതൽ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഏറെ ദിവസം അഖിലിനെ നിരീക്ഷിച്ചതിന് ശേഷമാണ് ഇന്ന് അഞ്ചൽ പൊലീസും ഡാൻസാഫ് ടീമും ഇവർ തമ്പടിച്ചിരുന്ന ലോഡ്ജിലേക്ക് എത്തിച്ചേർന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് 20 ഗ്രാം എംഡിഎംഎയും 58 ഗ്രാം കഞ്ചാവും പിടികൂടിയത്. കിളിമാനൂർ എക്സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥനാണ് അഖിൽ. ഒപ്പം സുഹൃത്തുക്കളായ ഫൈസൽ, അൽസാബിത്ത് എന്നിവരും പിടിയിലായിട്ടുണ്ട്. അഞ്ചലിൽ കഴിഞ്ഞ ആറ് മാസമായി മുറിയെടുത്താണ് മയക്കുമരുന്ന് വിൽപന നടത്തിയിരുന്നത്. ഇവരെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ ഇവരുടെ സംഘത്തിലുള്ള ആളുകളെക്കുറിച്ച് വിവരം ലഭിക്കുകയുള്ളൂ എന്ന് പൊലീസ് പറയുന്നത്.