കൊല്ലത്ത് എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ; എംഡിഎംഎ എത്തിച്ചത് ബാംഗ്ലൂരിൽ നിന്ന്
കൊല്ലത്ത് എംഡിഎംഎയുമായി മൂന്ന് യുവാക്കൾ എക്സൈസ് പിടിയിൽ. കൊല്ലം എക്സൈസ് നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ കരുനാഗപ്പള്ളി തൊടിയൂർ-പുലിയൂർ വഞ്ചി ഭാഗത്ത് നിന്നാണ് ഇവരെ പിടികൂടിയത്. കരുനാഗപ്പള്ളി തൊടിയൂർ ഇടക്കുളങ്ങരയിലെ ഒരു വീട് കേന്ദ്രീകരിച്ച് ചില യുവാക്കൾ തമ്പടിക്കുന്നതായും പല യുവാക്കളും ബാംഗ്ലൂർ സഹിതമുള്ള അന്യസംസ്ഥാന നഗരങ്ങളിൽ നിരന്തരമായി യാത്ര ചെയ്തു വരുന്നതായും രഹസ്യ വിവരം ഉണ്ടായിരുന്നു. തുടർന്ന് എക്സൈസ് ഷാഡോ നിരീക്ഷണം ഈ പ്രദേശങ്ങളിൽ ശക്തിപ്പെടുത്തിയിരുന്നു. തുടർന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ ഇവിടെ തമ്പടിച്ച് ബാംഗ്ലൂരിൽ നിന്നും എംഡിഎംഎ അടക്കമുള്ള മാരക സിന്തറ്റിക് ലഹരി വസ്തുക്കൾ കരുനാഗപ്പള്ളി മേഖലയിൽ എത്തിച്ച് ചില്ലറ വിൽപ്പന നടത്തിവരുന്നതായുള്ള സൂചന ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത് .
കരുനാഗപ്പള്ളി സ്വദേശികളാണ് അറസ്റ്റിലായവർ. കല്ലേലിഭാഗം വില്ലേജിൽ വേങ്ങറ മുറിയിൽ കടവിൽ തെക്കേതിൽ വീട്ടിൽ അനന്തു (25) ആണ് ഒന്നാം പ്രതി. കുന്നത്തൂർ ചരിഞ്ഞയ്യത്ത് വീട്ടിൽ പ്രവീൺ (22) അൻസിൽ നിവാസിൽ അഹിനസ് (22) എന്നിവർ രണ്ട്, മൂന്ന് പ്രതികളാണ്. ഇവരുടെ പക്കൽ നിന്ന് 51 ഗ്രാം എംഡിഎംഎ പിടികൂടിയിട്ടുണ്ട്. മൂന്നാം പ്രതിയായ അഹിനസ് താമസിച്ചു വന്നിരുന്ന വീട്ടിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്.
ഒന്നും രണ്ടും പ്രതികളും കേസെടുക്കുന്ന സമയം ഈ വീട്ടിൽ ഉണ്ടായിരുന്നു. ഒന്ന്, രണ്ട് പ്രതികൾ രണ്ടാം പ്രതിയുടെ ആഡംബര ബൈക്കിൽ ബാംഗ്ലൂരിലെത്തുകയും അവിടെനിന്നും ഒരു ലക്ഷം രൂപ കൊടുത്ത് 50 ഗ്രാം എംഡിഎംഎ കരുനാഗപ്പള്ളി മേഖലയിലെ വില്പനയ്ക്കായി വാങ്ങുകയാണ് ഉണ്ടായത്. മൂന്നാം പ്രതിയാണ് ഇതിൻ്റെ മുഖ്യ സൂത്രധാരൻ. പ്രതികൾ മൂന്ന് പേരും ചേർന്നാണ് എംഡിഎംഎ വാങ്ങുന്നതിനുള്ള പണം സ്വരൂപിച്ചിട്ടുള്ളത്. മൂന്നാം പ്രതിയുടെ വീട്ടിൽ വച്ച് ഇത് വിൽപനക്കായി ചെറിയ പാക്കറ്റുകളിൽ ആക്കുന്നതിനിടയിലാണ് ഇവർ പിടിയിലാവുന്നത്. വിശദമായ പരിശോധനയിൽ രണ്ടാം പ്രതിയുടെ ബൈക്കിൽ നിന്ന് 25 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.
Read Also: അരിക്കിടയിൽ എംഡിഎംഎ കടത്തി; യുവാവ് പിടിയിൽ
മയക്കുമരുന്ന് കണ്ടെത്തുന്നതിനായി കേരള സംസ്ഥാനം മുഴുവൻ പ്രത്യേക എൻഡിപിഎസ് സ്പെഷൽ ഡ്രൈവ് നിലവിൽ നടന്നുവരികയാണ്. അതിൻ്റെ ഭാഗമായിട്ടായിരുന്നു പ്രത്യേക രാത്രികാല പരിശോധന. സിന്തറ്റിക് ലഹരിവസ്തുക്കൾക്ക് പ്രാധാന്യം നൽകി തുടർന്നും ശക്തമായ റെയ്ഡുകൾ ഉണ്ടാവുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ബി. സുരേഷ് അറിയിച്ചു. കേസിലെ അന്യസംസ്ഥാന ബന്ധങ്ങൾ അടക്കമുള്ള കാര്യങ്ങളെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്ന് കൊല്ലം അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ വി. റോബർട്ട് അറിയിച്ചു.
കഴിഞ്ഞ 15 ദിവസത്തിലധികമായി പ്രതികളുടെ നീക്കങ്ങൾ ടവർ ലൊക്കേഷൻ സഹിതം എക്സൈസ് സൈബർ സെൽ പരിശോധിച്ചുവരികയായിരുന്നു. കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.