Saturday, January 4, 2025
Kerala

മൂന്ന് ദിവസത്തിൽ മൂന്നരലക്ഷം നിയമലംഘനങ്ങൾ; പദ്ധതി മരണങ്ങളിൽ നിന്നും ദുരന്തങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കാനെന്ന് ആന്റണി രാജു

മരണങ്ങളിൽ നിന്നും ദുരന്തങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കാനാണ് എഐ ക്യാമറ പദ്ധതിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കൊട്ടാരക്കാരയിലും നിലമേലും രണ്ടു ക്യാമറ കൂടി പ്രവർത്തന സജ്ജമായെന്നും മന്ത്രി വ്യക്തമാക്കി. എഐ ക്യാമറ പിഴ ചുമത്താൻ ആരംഭിച്ച ജൂൺ 5ന് രാവിലെ 8 മണി മുതൽ ജൂൺ 8 രാത്രി 11.59 വരെ 352730 നിയമലംഘനങ്ങൾ കണ്ടെത്തി. വെരിഫൈ ചെയ്തത് 80743 നിയമലംഘനങ്ങൾ. ഇതുവരെ 10457 നിയമലംഘനങ്ങൾക്ക് നോട്ടീസ് അയച്ചു എന്നും ആന്റണി രാജു അറിയിച്ചു.

ഹെൽമറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ചതിന് 6153 പേർക്ക് പിഴ നോട്ടീസ് അയച്ചു. 7896 പേരെ കാറിൽ ഡ്രൈവറെ കൂടാതെ സീറ്റ് ബെൽറ്റ് ധരിക്കാതെ കണ്ടെത്തി. സർക്കാർ ബോർഡ് വെച്ച വാഹനങ്ങളിൽ 56 നിയമലംഘനങ്ങൾ കണ്ടെത്തി. അതിൽ 10 എണ്ണത്തിന് നോട്ടീസ് അയക്കും. ബാക്കി വാഹനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്ന് വൈകിട്ട് പുറത്തു വിടും എന്നും മന്ത്രി പറഞ്ഞു.

സെപ്റ്റംബർ ഒന്ന് മുതൽ ഹെവി വെഹിക്കിൾ വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധമെന്ന് മന്ത്രി അറിയിച്ചു. ബസുകൾക്കും ഇത് ബാധകമാകും.

കേരളത്തിൽ 12 പേരാണ് ശരാശരി ഒരു ദിവസം റോഡപകടത്തിൽ മരിക്കുന്നത്. പദ്ധതിക്ക് ശേഷം അതിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്.
ക്യാമറ സ്ഥാപിച്ച ശേഷം കഴിഞ്ഞ 4 ദിവസത്തിൽ 28 മരണങ്ങൾ മാത്രമാണ് കേരളത്തിൽ ഉണ്ടായത്. ശരാശരി കണക്കുകൾ പ്രകാരം 48 മരണങ്ങൾ കേരളത്തിൽ ഉണ്ടാകേണ്ടതായിരുന്നു. ഒരാഴ്ച കഴിഞ്ഞ് വീണ്ടും പ്രവർത്തനം വിലയിരുത്തും. നിയമലംഘനങ്ങൾ വെരിഫൈ ചെയ്യാൻ ഉദ്യോഗസ്ഥരെ വർധിപ്പിക്കാൻ ആവശ്യപ്പെട്ടതായി മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *