ദുരന്തത്തിന് ശേഷം പരിഹാരം തേടരുത്: മനുഷ്യാവകാശ കമ്മീഷൻ
ദുരന്തമുണ്ടായ ശേഷം പ്രതിവിധി കണ്ടെത്താൻ ശ്രമിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ. ആവശ്യമായ മുൻകരുതലുകളും നടപടികളും സ്വീകരിച്ച് ദുരന്തങ്ങൾ തടയാൻ ഉദ്യോഗസ്ഥർക്ക് ബാധ്യതയുണ്ടെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു. കാൽനടയാത്രക്കാർക്കും ചെറുവാഹനങ്ങൾക്കുമായി നിർമിച്ച വള്ളക്കടവ് താത്കാലിക പാലത്തിലൂടെ ഭാരവാഹനങ്ങൾ സഞ്ചരിക്കുന്നുവെന്ന പരാതിയിലാണ് ഉത്തരവ്.
മുന്നറിയിപ്പ് ബോർഡുകൾ ശ്രദ്ധിക്കാതെ ഭാരവാഹനങ്ങൾ പോകുന്നത് പതിവാണെന്നും, ഇത് താത്കാലിക പാലത്തിൻ്റെ തകർച്ചക്ക് വരെ കാരണമാകുമെന്നും പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു. നിയമ ലംഘനങ്ങൾ തടയാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജില്ലാ ജില്ലാ കളക്ടർക്കും പൊലീസിനും ഗതാഗത വകുപ്പിനും കത്ത് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ആവശ്യമെങ്കിൽ പാലത്തിന് സമീപം 24 മണിക്കൂറും ട്രാഫിക് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ച് ഭാരവണ്ടികൾ തടയണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ നൽകുന്ന നിർദ്ദേശങ്ങൾ ജില്ലാ ട്രാൻസ്പോർട്ട് (എൻഫോർസ്മെൻ്റ് ) ഓഫീസറും സൗത്ത് ട്രാഫിക് അസിസ്റ്റൻറ് കമ്മീഷണറും ക്യത്യമായി പാലിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.