എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ്; ഷാരൂഖ് സെയ്‌ഫിയുടെ കസ്റ്റഡി കാലാവധി നീട്ടി, എൻഐഎ വീണ്ടും ചോദ്യം ചെയ്യും
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിയുടെ കസ്റ്റഡി കാലാവധി നീട്ടി നൽകി. 12ാം തീയതി വരെ ഷാരൂഖ് എൻഐഎയുടെ കസ്റ്റഡിയിൽ തുടരും. ഷാരൂഖിനെ മൂന്ന് ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന് എൻഐഎയുടെ ആവശ്യപ്പെട്ടതനുസരിച്ചാണ് കസ്റ്റഡി കാലാവധി നീട്ടിയത്. ഷാരൂഖ് ചില പുതിയ വെളിപ്പെടുതലുകൾ നടത്തിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഇയാളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എൻഐഎ കോടതിയിൽ അറിയിച്ചിരുന്നു. ഇയാളുടെ ബന്ധുക്കളെയും ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് എൻഐഎ.
ഷാറൂഖ് സെയ്ഫിയുമായി എൻഐഎ സംഘം ഷൊർണ്ണൂരിൽ തെളിവെടുപ്പ് നടത്തിയിരുന്നു. റെയിൽവെ സ്റ്റേഷനിലും പെട്രോൾ വാങ്ങിയ പമ്പിലും ഉൾപ്പടെയാണ് പ്രതിയുമായി എൻഐഎ സംഘം തെളിവെടുപ്പ് നടത്തിയത്. കേസന്വേഷണം എൻഐഎ ഏറ്റെടുത്ത ശേഷം ആദ്യമായായിരുന്നു പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിന് ശേഷമാണ് കൂടുതൽ ദിവസം ഷാറൂഖിനെ കസ്റ്റഡിയിൽ വേണമെന്ന് എൻഐഎ ആവശ്യപ്പെട്ടത്.
മൂന്ന് പേരുടെ മരണത്തിന് കാരണമായ എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ എൻഐഎ കൊച്ചി യൂണിറ്റാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കേസിൽ പ്രതിക്കെതിരെ യുഎപിഎ അടക്കം ചുമത്തി കേസ് എടുത്തിരുന്നു. സംഭവത്തിൽ ഒമ്പത് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. റെയിൽവേ സ്റ്റേഷനിൽ സെയ്ഫിക്ക് സഹായം നൽകിയവരുടെ വിവരം ഉൾപ്പെടെ എൻഐഎ സംഘം ശേഖരിച്ചിട്ടുണ്ട്.