Monday, January 6, 2025
Kerala

സാങ്കേതിക സർവകലാശാല ഭൂമി ഏറ്റെടുക്കൽ; അനന്തമായി നീട്ടരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ

എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലക്ക് വേണ്ടി വിളിപ്പിൽ വില്ലേജിൽ കണ്ടെത്തിയ ഭൂമിയുടെ ഏറ്റെടുക്കൽ പ്രക്രിയ അനന്തമായി നീട്ടികൊണ്ടുപോയി ഭൂ ഉടമകളെ കഷ്ടപ്പെടുത്തരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. അവാർഡ് പാസാക്കിയത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ, റവന്യു സെക്രട്ടറിമാരും ജില്ലാകളക്ടറും വിശദീകരണം സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

വിജ്ഞാപനം പുറപ്പെടുവിച്ചത് 2020 ജൂൺ 27 നാണ്. 2021 ജനുവരി 30 ന് സെക്ഷൻ 19 പ്രകാരമുള്ള വിജ്ഞാപനവും പുറപ്പെടുവിച്ചു. സെക്ഷൻ 25 പ്രകാരം 2021 ജനുവരി 30 മുതൽ 12 മാസത്തിനുള്ളിൽ ജില്ലാ കളക്ടർ അവാർഡ് പാസാക്കണം. അപ്രകാരം അവാർഡ് പാസാക്കിയില്ലെങ്കിൽ ഏറ്റെടുക്കൽ നടപടി അസാധുവാകും. അങ്ങനെയെങ്കിൽ വസ്തു ഉടമകളിൽ നിന്നും വാങ്ങിയ രേഖകൾ തിരികെ നൽകണം. 100 ഏക്കർ ഭൂമിയാണ് ഏറ്റെടുത്തത്. എന്നാൽ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.

ഭൂമി ഏറ്റെടുത്തതിനാൽ വിൽക്കാനും കഴിയുന്നില്ല. നോട്ടിഫൈ ചെയ്ത 100 ഏക്കറിൽ നിന്നും ആദ്യഘട്ടത്തിൽ ഏതു ഭാഗത്ത് നിന്നും 50 ഏക്കർ സ്ഥലം ഏറ്റെടുക്കണമെന്നതു സംബന്ധിച്ച് അന്തിമ തീരുമാനം സർക്കാരിൽ നിന്നും ലഭിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു. മകളുടെ ചികിത്സക്കായി ലക്ഷക്കണക്കിന് രൂപ ചെലവായ പേയാട് സ്വദേശി മാനുവൽ നേശൻ തൻ്റെ ഭൂമി വിൽക്കാനാവുന്നില്ലെന്ന് പരാതിപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *