മരട് ഫ്‌ളാറ്റ് പൊളിക്കല്‍; കായലില്‍ വീണ മാലിന്യം പരാമര്‍ശിക്കാതെ ഹരിത ട്രിബ്യൂണലില്‍ നല്‍കിയ റിപ്പോര്‍ട്ട്
മരട് ഫ്‌ളാറ്റ് പൊളിക്കലില്‍ കായലില്‍ വീണ മാലിന്യത്തെ കുറിച്ച് പരാമര്‍ശിക്കാതെ ചീഫ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍. ഫ്‌ളാറ്റ് പൊളിച്ചതുമൂലമുള്ള മാലിന്യം പൂര്‍ണമായി മാറ്റിയതായാണ് ചീഫ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറുടെ വാദം. ഹരിത ട്രിബ്യൂണലില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
പ്രത്യേക സംഭവമായതിനാല്‍ മാലിന്യ ഉത്പ്പാദനം പ്രതിദിനം ടണ്ണില്‍ കണക്കാക്കാന്‍ ആകില്ല. മാലിന്യത്തിന്റെ ഉത്പാദനം രണ്ട് ദിവസം മാത്രമാണ്. ഫ്‌ളാറ്റ് പൊളിക്കലുമായ് ബന്ധപ്പെട്ടുണ്ടായ മാലിന്യത്തിന്റെ അളവ് കണക്കാക്കാനാകില്ല. പൊളിക്കുന്നതിനിടയില്‍ ഉല്‍പ്പാദിപ്പിച്ച മൊത്തം അവശിഷ്ടങ്ങളുടെ അളവ് 69,600 ടണ്‍ ആണ്. സേവന ദാതാവ് പൂര്‍ണ്ണമായും ഈ മാലിന്യങ്ങളെല്ലാം സംസ്‌കരിച്ചു. ഫ്‌ളാറ്റ് പൊളിക്കല്‍ മൂലം പരിസ്ഥിതിക്കുണ്ടായ വിനാശത്തിനുള്ള നഷ്ടപരിഹാരം നിലവുള്ള സൂത്രവാക്യം അനുസരിച്ച് പൂജ്യമാണെന്നും ചീഫ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഹരിത ട്രിബ്യൂണല്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തത്. ഈ കേസിന്റെ ഭാഗമായിട്ടാണ് ചീഫ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. മാലിന്യത്തിന്റെ ഉത്പാദനം രണ്ട് ദിവസം മാത്രമാണ് ഉണ്ടായിരുന്നത് എന്ന വാദവും റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നു.
ഫ്‌ളാറ്റ് പൊളിക്കുന്നതിനിടയില്‍ ആകെ ഉത്പാദിപ്പിച്ചത് 69,600 ടണ്‍ മാലിന്യമാണ്. ഇതാണ് സേവനദാതാവ് പൂര്‍ണ്ണമായിട്ടും നീക്കം ചെയ്‌തെന്ന് വാദിക്കുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള കേസ് ഉപേക്ഷിക്കണമെന്നും ഹരിത ട്രിബ്യൂണലിനോട് ചീഫ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ ആവശ്യപ്പെട്ടു.