Tuesday, January 7, 2025
National

രാജ്യത്തെ കൊവിഡ് കേസുകള്‍ ഉയരുന്നു; മൂന്ന് സംസ്ഥാനങ്ങളില്‍ മാസ്‌ക് നിര്‍ബന്ധം

രാജ്യത്ത് വീണ്ടും കൊവിഡ് തരംഗം കുതിച്ചുയരുന്നതിനിടെ മൂന്ന് സംസ്ഥാനങ്ങള്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. സംസ്ഥാനങ്ങള്‍ മാസ്‌കിലേക്കും കൊവിഡ് പ്രോട്ടോക്കോളുകളിലേക്കും തിരികെ പോകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കേരള, ഹരിയാന, പുതുച്ചേരി എന്നിവിടങ്ങളിലാണ് മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുന്നത്. കേരളത്തില്‍ ഇന്നലെ മാത്രം ആയിരത്തിലധികംപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് പ്രായമായവര്‍ക്കും ഗര്‍ഭിണികള്‍ക്കും ജീവിതശൈലീ രോഗമുള്ളവര്‍ക്കുമാണ് മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ആശുപത്രികളില്‍ സന്ദര്‍ശനം നടത്തുന്നവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് ജാഗ്രതാ നിര്‍ദേശങ്ങള്‍.

രാജ്യത്ത് പുതുതായി 5,357 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ കേസുകളുടെ എണ്ണം 44,756,616 ആയി. ശനിയാഴ്ച 6,155 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ സജീവ കേസുകള്‍ 32,814 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11 മരണങ്ങള്‍ രേഖപ്പെടുത്തി. ആകെ മരണസംഖ്യ 53,09,65 ആയി. മരണനിരക്ക് 1.19 ശതമാനമാണ്.

അതേസമയം സംസ്ഥാനങ്ങള്‍ക്ക് കൊവിഡ് നിര്‍ദേശങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി ഈയാഴ്ച ആദ്യവാരം തന്നെ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ സംസ്ഥാനമന്ത്രിമാരുമായി ഉന്നതതല യോഗം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *