Tuesday, April 15, 2025
Kerala

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ഇരയാകുന്നത് സ്ത്രീകൾ, ഇവിടെ നടക്കുന്നത് വിക്ടിം ഷെയിമിം​ഗ്; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചു കൊണ്ടുവരാൻ ശ്രമം നടക്കുകയാണെന്നും ഇതിന് ഇരയാകുന്നത് സ്ത്രീകളാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സ്ത്രീകളുണ്ടെന്നത് നിർഭാഗ്യകാരമാണ്. സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അക്രമിയെ കുറ്റപ്പെടുത്തുന്നതിന് പകരം അക്രമത്തിനിരയായ സ്ത്രീയെ കുറ്റപ്പെടുത്താനാണ് ശ്രമം നടക്കുന്നത്. അതായത് ഇവിടെയിപ്പോൾ വിക്ടിം ഷെയിമിംഗാണ് നടക്കുന്നത്. സ്ത്രീകൾ അടിച്ചമർത്തപ്പെടണമെന്ന ഒരു വിഭാഗത്തിന്റെ താൽപര്യമാണ് ഇതിനൊക്കെ പിന്നിൽ.

സംഘപരിവാർ ജനങ്ങളെ ഭിന്നപ്പിക്കാനാണ് ശ്രമിക്കുന്നത്. ന്യൂനപക്ഷ വിഭാഗമായി ഹിന്ദുക്കൾ പല രാജ്യങ്ങളിലുമുണ്ട്. മുസ്ലീമിനേയും ക്രിസ്ത്യാനിയേയും ശതുക്കളായാണ് സംഘപരിവാർ കാണുന്നത്. മതന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കുന്ന നടപടിയാണ് ബി ജെ പി സർക്കാർ സ്വീകരിക്കുന്നത്. മതനിരപേക്ഷതയാണ് ഭരണ ഘടന ഉറപ്പു നൽകുന്ന പ്രധാന കാര്യം.

പൗരത്വം മതാടിസ്ഥാനത്തിലാകണമെന്ന് ബി ജെ പി സർക്കാർ നിലപാട് എടുക്കുകയാണ്. ഇപ്പോഴും ഇതു നടപ്പാക്കുമെന്ന് പറഞ്ഞ് ജനങ്ങളെ ഭീതിയിലാക്കുന്ന നിലപാടാണ് ബി ജെ പി സർക്കാരിന്റേത്. ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ ആക്രമണത്തിരയായത് മുസ്ലീം വിഭാഗമാണ്. എങ്ങനെയാണ് നാട്ടിൽ വർഗീയ സംഘർഷമുണ്ടാക്കാൻ കഴിയുകയെന്ന് നോക്കുകയാണ് സംഘ പരിവാർ ശക്തികൾ.

വിവാഹ മോചനത്തിന്റെ പേരിൽ മുസ്ലീമിനെ ജയിലിലാക്കാമെന്നാണ് നോക്കുന്നത്. ജനങ്ങളെ സംരക്ഷിക്കാൻ ബാധ്യതയുള്ള സർക്കാർ തന്നെ ജനങ്ങളെ ആശങ്കയിലേക്ക് തള്ളിവിടുകയാണ്. സംഘപരിവാറിന്റെ യഥാർത്ഥ മുഖം കേരളത്തിൽ എടുത്താൽ ആബാലവൃദ്ധം ജനങ്ങളും ഒറ്റക്കെട്ടായി രംഗത്ത് വരും. രാജ്യത്തിൻറെ ആഭ്യന്തര ശത്രുക്കളായിട്ടാണ് മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും സംഘ പരിവാർ കാണുന്നത്.
ഇന്ത്യയിൽ പലയിടത്തും ക്രൈസ്തവർ ആക്രമിക്കപ്പെടുകയാണ്.

ഇവിടെ സംഘപരിവാർ ചിലരെ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നത് നല്ലതിനല്ല എന്ന് പെട്ടെന്ന് തന്നെ ബോധ്യമാകും. പ്രതിപക്ഷ സർക്കാരുകൾ അധികാരത്തിൽ ഇരിക്കുന്ന സ്ഥലങ്ങളിൽ തുടരെത്തുടരെ അട്ടിമറി ശ്രമങ്ങൾ നടത്തുകയാണ് ബിജെപി. ഗവർണർമാരെ ഉപയോഗിച്ചാണ് വലിയ തരത്തിലുള്ള കൈകടത്തൽ കേന്ദ്രം നടത്തുന്നത്. ക്ഷേമ പദ്ധതികളെ ജനങ്ങളുടെ അവകാശമായാണ് സംസ്ഥാന സർക്കാർ കാണുന്നത്. ആരെങ്കിലും കനിഞ്ഞു നൽകുന്ന ഒന്നല്ല അതെന്ന് എല്ലാവരും മനസിലാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *