സവർക്കറെ ആനയിച്ച് പ്രധാനമന്ത്രി ചരിത്രം തിരുത്തുന്നു: വിമർശനവുമായി മുഖ്യമന്ത്രി
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടന്ന പ്രസംഗത്തിൽ സവർക്കറെ അനുസ്‌മരിച്ച് സംസാരിച്ച പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യസമര കാലത്ത് വൈസ്രോയിയെ കണ്ട് സംഘപരിവാർ ഒപ്പമുണ്ടെന്ന് പറഞ്ഞു. ഇന്ന് സ്വാതന്ത്ര്യത്തിന്റെ നേരവകാശികളാകാൻ ചരിത്രം തിരുത്തുന്നു. 75 വർഷം ആഘോഷിക്കുമ്പോൾ പാരമ്പര്യവും മോദി ഏറ്റെടുക്കുകയാണ്. ഡിവൈഎഫ്‌ഐയുടെ ഫ്രീഡം സ്ട്രീറ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്ത് ഏതൊരു വിഷയത്തെയും വർഗീയതയോടെ കാണുന്നതായും വർഗീയ അജണ്ട നടപ്പാക്കുന്നതായും യഥാർഥ പ്രശ്‌നങ്ങളിലേക്ക് എത്താതെ വർഗീയതയിലേക്ക് തിരിച്ചു വിടുന്നുതായും അദ്ദേഹം പറഞ്ഞു. ഭരണഘടന മൂല്യങ്ങൾ അപഹരിക്കുന്ന കാര്യങ്ങൾ രാജ്യത്ത് നടക്കുന്നു. ജാതിഭ്രാന്ത് രാജ്യത്തിന്റെ ഒരു ഭാഗത്ത് നടക്കുന്നു. രാജസ്ഥാനിൽ അധ്യാപകന്റെ കുപ്പിയിൽ നിന്ന് വെള്ളം കുടിച്ച കുട്ടിയെ അധ്യാപകൻ അടിച്ച് കൊലപ്പെടുത്തിയ സംഭവവും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു. എട്ട് വർഷത്തിനിടെ ഒരു ശതമാനം പേർക്ക് പോലും കേന്ദ്ര സർക്കാർ തൊഴിൽ നൽകിയില്ല. 90 കോടിയോളം തൊഴിൽ രഹിതർ രാജ്യത്തുണ്ടെന്നാണ് കണക്ക്. പൊതു മേഖല സ്ഥാപനങ്ങൾ തകരുന്നു. എല്ലാം വിറ്റുതുലയ്ക്കുന്നു. യുവാക്കളുടെ തൊഴിലവസരം ഇല്ലാതാക്കുന്നു’- അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രതിപക്ഷത്തിനെയും മുഖ്യമന്ത്രി വിമർശിച്ചു.
യുഡിഎഫിനൊപ്പം ബിജെപി തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നു. ബിജെപിയും യുഡിഎഫും സർക്കാരിനെതിരെ കള്ളക്കഥകൾ മെനയുന്നു. ഇല്ലാക്കഥകളുടെ പൊയ്‌ക്കാലിൽ ജനങ്ങളെ കബളിപ്പിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇല്ലാ കഥകളുടെ പൊയ്ക്കാലിൽ ജനങ്ങളെ കബളിപ്പിക്കാൻ ശ്രമം കേരളത്തിൽ നടക്കുന്നുണ്ടെന്നും ഒരു വികസനവും വേണ്ട എന്ന നില പ്രതിപക്ഷം സ്വീകരിക്കുന്നതായും അദ്ദേഹം ആരോപിച്ചു.